കാക്കനാട് കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പ് നടത്തിയ പതിവ് ഗതാഗത പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്കൂട്ടറുമായി യുവതി പിടിയിലായി. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ നിർദ്ദേശിച്ചെങ്കിലും, അവർ അതിന് തയ്യാറാകാതെ വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് അഞ്ച് കിലോമീറ്ററോളം പിന്തുടർന്നാണ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി യുവതിയെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച കാക്കനാട്– കളമശേരി റോഡിൽ വെച്ചായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തക്കതായ രേഖകൾ യുവതിയുടെ പക്കൽ ഉണ്ടായിരുന്നില്ല. ഈ വാഹനം തനിക്ക് സുഹൃത്ത് നൽകിയതാണെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. എന്നാൽ വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് ഷാസി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഈ സ്കൂട്ടർ മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചു.
ഫെബ്രുവരി 22-ന് എറണാകുളം കോൺവന്റ് ജംക‍്ഷനിൽ നിന്നാണ് വാഹനം മോഷണം പോയത്. സംഭവത്തിൽ സെൻട്രൽ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഷിജു, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി.വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ യുവതിയുടെ കൂടെ 17 വയസുള്ള മകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, സ്കൂട്ടർ നൽകിയ സുഹൃത്ത് നിലവിൽ മോഷണക്കേസിൽ റിമാൻഡിലാണെന്ന് വ്യക്തമായി. തുടർനടപടികൾക്കായി കേസ് കളമശേരി പൊലീസിന് കൈമാറി.
