തൃശൂർ നഗരത്തിൽ ഇന്ന് രാവിലെ നടന്ന ആനയുടെ ആക്രമണം ജനങ്ങളിൽ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. രാവിലെ 9 മണിക്ക് തേക്കിൻകാട് തെക്കേഗോപുരനടയ്ക്ക് സമീപത്തു നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആനയെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ മൃഗം പരിഭ്രാന്തനായി ഓടുകയാണുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തേക്കിൻകാട് മൈതാനം വഴി കിഴക്കേഗോപുരത്തിന് സമീപമെത്തിയ ആന, തുടർന്ന് സ്വരാജ് റൗണ്ടിലേക്കും അവിടെ നിന്ന് പാലസ് റോഡിലേക്കും പ്രവേശിച്ചു. ആ സമയത്ത് റോഡിലുണ്ടായിരുന്ന രണ്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ ആന ഉപദ്രവിച്ചിരുന്നില്ല. എന്നാൽ സാഹിത്യ അക്കാദമിക്ക് മുന്നിലെത്തിയതോടെ ആന അക്രമാസക്തനായി മാറുകയായിരുന്നു. ടൗൺഹാളിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. ചെമ്പൂക്കാവ് വഴി ജവാഹർ ബാലഭവന് മുന്നിലെത്തിയ ആന പിന്നീട് ചേറൂർ റോഡിലേക്ക് നീങ്ങി.
ഓഫിസ് സമയം തുടങ്ങിയതിനാൽ റോഡിൽ തിരക്കേറെയുണ്ടായിരുന്നു. ആനയെത്തുന്ന വിവരം അറിഞ്ഞതോടെ യാത്രക്കാർ മുൻകരുതലായി മറ്റ് വഴികളിലേക്ക് മാറി സഞ്ചരിച്ചു. ഇതിനിടയിൽ ആനയ്ക്ക് മുന്നിൽപ്പെട്ട ഒരു ഇരുചക്ര വാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഗാന്ധിനഗറിലെ ജനവാസമേഖലയിലേക്ക് പ്രവേശിച്ച ആന അവിടെ വലിയ നാശനഷ്ടങ്ങൾ വരുത്തി. നാട്ടുകാർ നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് പലരും വീടുകൾക്കുള്ളിൽ കയറി സുരക്ഷിതരായിരുന്നു. ഇടുങ്ങിയ വഴിയിൽ തടസ്സമായി നിന്ന കാർ ആന കുത്തിമറിച്ചു. കാറിലുണ്ടായിരുന്ന സംഗീത അത്ഭുതകരമായാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. നിർമ്മാണത്തിലിരുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് ഇരുചക്ര വാഹനങ്ങളും ആന ചവിട്ടിത്തകർത്തു. കൂടാതെ സമീപത്തെ വീടുകളുടെ ഗേറ്റുകളും മതിലുകളും തകർത്ത ആന ഒടുവിൽ തൊട്ടടുത്ത പറമ്പിൽ നിലയുറപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ചങ്ങലയും കയറും ഉപയോഗിച്ച് അധികൃതർ ആനയെ തളച്ചു.
സംഗീതയുടെ വെളിപ്പെടുത്തൽ
തനിക്കുണ്ടായ അനുഭവം സംഗീത വിവരിക്കുന്നത് ഇങ്ങനെ: “രാവിലെ കാറിൽ ഓഫിസിലേക്ക് ഇറങ്ങുമ്പോഴാണ് ആനയുടെ മുന്നിൽ ചെന്നുപെട്ടത്. ഗാന്ധിനഗറിലെ ഇടുങ്ങിയ വഴിയിൽ മുന്നോട്ട് പോകുമ്പോൾ കുറച്ചുപേർ ഓടി വന്ന് ‘ആന വരുന്നു ചേച്ചി, റിവേഴ്സ് എടുക്കൂ’ എന്ന് പറഞ്ഞു. എന്നാൽ, മതിയായ സ്ഥലമില്ലാത്തതിനാൽ അതിനു സാധിച്ചില്ല. തൊട്ടുപിന്നിൽ തന്നെ സ്കൂട്ടറിൽ മകൾ വരുന്നുണ്ടായിരുന്നുവെന്നതും ആധി കൂട്ടി. വേഗം ഹോണടിച്ച് മകളോട് പിന്നോട്ട് പോകാൻ പറഞ്ഞു. അപ്പോഴേക്കും ആന പാഞ്ഞു വന്ന് കാർ കുത്തിമറിച്ചു. മറിഞ്ഞ കാർ മുന്നോട്ട് നീങ്ങാൻ തടസ്സമായതിനാൽ ആനയ്ക്ക് മറുവശത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. ഈ സമയം കൊണ്ട് ആ വശത്തെ ഡോർ തുറന്ന് ആളുകൾ സംഗീതയെ രക്ഷിക്കുകയായിരുന്നു.”
