Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

രാജകുമാരിയിൽ കോഴിയിറച്ചി വിലയിൽ കുതിപ്പ്; പ്രതിസന്ധിയിലായി വിപണിയും ഹോട്ടൽ മേഖലയും

📅 May 25, 2026 | BY SUDHEER KABEER

രാജകുമാരി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിയിറച്ചി വിലയിൽ വൻ വർധന. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം നിലവിൽ 165 മുതൽ 175 രൂപ വരെയാണ് ഒരു കിലോ ചിക്കന്റെ വില. വിപണിയിൽ ഇനിയും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

ഇറച്ചിക്കോഴിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജില്ലയിലേക്ക് ആവശ്യമായ കോഴികൾ ഭൂരിഭാഗവും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവിടെ നിലനിൽക്കുന്ന കനത്ത ചൂട് ഫാമുകളിലെ ഉൽപാദനത്തെ നേർപകുതിയായി കുറച്ചിട്ടുണ്ട്. ഉയർന്ന താപനില താങ്ങാനാകാതെ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.

അതേസമയം, വൻകിട വ്യാപാരികൾ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായും പരാതി ഉയരുന്നുണ്ട്. വില വർധിപ്പിച്ചു വിൽക്കാനായി എത്തുന്ന ലോഡുകൾ ദിവസങ്ങളോളം വിപണിയിലെത്തിക്കാതെ പിടിച്ചുവെക്കുന്നുവെന്നാണ് പ്രധാന ആരോപണം. പാചക വാതക വിലവർധനയ്‌ക്കും ക്ഷാമത്തിനുമൊപ്പം ചിക്കന്റെ വില കൂടി ഉയർന്നതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലായി. ചിക്കൻ വിഭവങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ പൂർണമായും ഒഴിവാക്കേണ്ടി വരുമെന്ന് ഹോട്ടലുടമകൾ മുന്നറിയിപ്പ് നൽകുന്നു.

വിവാഹ, ഉത്സവ സീസൺ നടക്കുന്നതിനാൽ കേറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിലവർധന വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മഴ ലഭിച്ചാൽ ചൂട് കുറയുമെന്നും അതുവഴി ചിക്കൻ വിലയിൽ നേരിയ കുറവുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.

Uploaded Image
« Newer Post Older Post »
Link Copied! ✅