എബോള വൈറസ് ബാധ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ഡിആർ കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി ഇതുവരെ 220 പേർ വൈറസ് ബാധയെത്തുടർന്ന് മരണപ്പെട്ടതായാണ് റിപ്പോർട്ട്. രോഗബാധ തിരിച്ചറിയുന്നതിലുണ്ടായ കാലതാമസമാണ് വൈറസ് വ്യാപനം രൂക്ഷമാക്കിയതെന്ന് സംഘടന വിലയിരുത്തുന്നു. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങളിലും രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആരോഗ്യ സംവിധാനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിആർ കോംഗോയിലെ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് ബന്ധുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതും, ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള ശവസംസ്കാര നടപടികളും രോഗപ്പകർച്ചയ്ക്ക് ആക്കം കൂട്ടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ ഡിജിസിഎ (DGCA) നിർദ്ദേശം നൽകി. ഈ മാസം 22-നാണ് വിമാനക്കമ്പനികൾക്കായി ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഉഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾ യാത്രക്കാരിൽ നിന്ന് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും ശേഖരിക്കണം. കൂടാതെ, യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുള്ള പ്രത്യേക അറിയിപ്പുകൾ നൽകണമെന്നും, ഓൺ-ബോർഡ് നിരീക്ഷണം കർശനമാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ഇന്ത്യയിൽ എത്തി 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
