നൂറ്റിയൻപതോളം മോഷണക്കേസുകളിലെ പ്രതിയായ ‘യാത്രാ വിജയൻ’ എന്നറിയപ്പെടുന്ന നെടുമങ്ങാട് സ്വദേശി വിജയനെ (57) പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല വന്യകോടിൽ വെച്ച് കട കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പടന്താലുംമൂട് പ്രവർത്തിക്കുന്ന ഒരു ഫ്രൂട്സ് കടയിൽ ഞായറാഴ്ച രാത്രി മോഷണം നടന്നിരുന്നു. സംഭവത്തിൽ ഒന്നര ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതിക്കാർ പൊലീസിന് നൽകിയ മൊഴി. ചോദ്യം ചെയ്യലിൽ ഫ്രൂട്സ് കടയിൽ മോഷണം നടത്തിയത് താനാണെന്ന് വിജയൻ സമ്മതിച്ചു.
പണം മാത്രം മോഷ്ടിക്കുന്നതാണ് വിജയന്റെ രീതി. ആറു മാസത്തിലൊരിക്കൽ മാത്രം വീട്ടിലെത്തുന്ന ഇയാളെ നാട്ടുകാർക്കിടയിൽ ‘യാത്രാ വിജയൻ’ എന്നാണ് വിളിക്കുന്നത്. പകൽ സമയം നിരീക്ഷണം നടത്തി ആളില്ലാത്ത വീടുകൾ കണ്ടെത്തിയ ശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രവർത്തനരീതി. കവർച്ചാ വേളയിൽ സ്വർണാഭരണങ്ങളോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ മുന്നിലുണ്ടെങ്കിലും അവ തൊടുക പോലും ചെയ്യാറില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ബസ് യാത്ര വളരെ കുറച്ചു മാത്രം നടത്തുന്ന വിജയൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും പൊലീസ് അറിയിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറ്റിയൻപതോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. എസ്ഐ കുരുവിള സക്കറിയ, ഗ്രേഡ് അഡീഷണൽ എസ്ഐ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
