Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കോട്ടയത്ത് ഗതാഗത പ്രതിസന്ധി രൂക്ഷം: കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു, സ്പെയർ ബസുകൾ നിരത്തിലിറക്കാൻ നീക്കം

📅 May 28, 2026 | BY SUDHEER KABEER

കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലായി 16 പ്രധാന റൂട്ടുകളിൽ നിലവിൽ കെഎസ്ആർടിസി ബസ് സർവീസുകൾ നിലച്ചു. ബസുകളുടെ അപര്യാപ്തത മൂലം യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ, സ്പെയർ ബസുകൾ കൂടി സർവീസിനായി ഉപയോഗപ്പെടുത്താൻ കെഎസ്ആർടിസി അധികൃതർ ആലോചിക്കുന്നു. നിലവിൽ ഓരോ 10 ബസുകൾക്കും ഒന്ന് എന്ന കണക്കിലാണ് ഡിപ്പോകളിൽ സ്പെയർ ബസുകൾ ഉള്ളത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പുതിയ സർവീസുകൾ ആരംഭിക്കണമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഈ തീരുമാനം.

നിലവിൽ ജില്ലയിൽ 332 കെഎസ്ആർടിസി ബസുകളാണ് വിവിധ റൂട്ടുകളിലായി ഓടുന്നത്. ദിവസവും ഏകദേശം 1,30,010 കിലോമീറ്റർ ദൂരമാണ് ഈ ബസുകൾ പിന്നിടുന്നത്. പ്രതിദിനം 1.40 ലക്ഷം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുമ്പോൾ, അതിൽ 45 ശതമാനവും സ്ത്രീകളാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതിൽ 20 ശതമാനം ബസുകൾ മാത്രമാണ് ഓർഡിനറി വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിൽപ്പെട്ടവയായതിനാൽ ഗ്രാമീണ പാതകളിൽ ഇവയുടെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നില്ല.

കുമരകം മേഖലയിലെ യാത്രാദുരിതം
കുമരകം റൂട്ടിലെ സർവീസുകളുടെ കുറവ് യാത്രക്കാരെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. കോണത്താറ്റ് പാലം പൊളിക്കുന്നതിന് മുൻപ് വരെ ഈ റൂട്ടിൽ 23 കെഎസ്ആർടിസി ബസുകൾ ഓടിയിരുന്നുവെങ്കിൽ, ഇപ്പോൾ അത് 4 ആയി ചുരുങ്ങി. മണിക്കൂറുകൾ ഇടവിട്ടുള്ള സർവീസുകൾ സ്ഥിരയാത്രക്കാരെ വലിയ തോതിൽ ദുരിതത്തിലാക്കുന്നുണ്ട്. സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനായി കൂടുതൽ കെഎസ്ആർടിസി ബസുകൾ വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മ മന്ത്രി സി. പി. ജോണിന് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

സ്വകാര്യ ബസുടമകളുടെ ആശങ്ക
കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ഏകദേശം 900 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇവയെ ആശ്രയിച്ച് 30,000 തൊഴിലാളികൾ ഉപജീവനം കഴിയുന്നുണ്ട്. മേഖലയെ നിലനിർത്താനായി ഡീസൽ തീരുവ കുറയ്ക്കുക, സബ്സിഡി അനുവദിക്കുക, റോഡ് ടാക്സ് ഒഴിവാക്കുക, വിദ്യാർഥി കൺസഷൻ 50 ശതമാനമായി ഉയർത്തുക എന്നീ നാല് പ്രധാന ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ സർക്കാരിന് മുൻപിൽ സമർപ്പിച്ചിരിക്കുന്നത്.

Uploaded Image
« Newer Post Older Post »
Link Copied! ✅