Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കണ്ണൂരിൽ മാതൃകയായി അധ്യാപക ദമ്പതികൾ; നിർധനരായ നാല് കുടുംബങ്ങൾക്ക് വീടൊരുക്കി നൽകി

📅 May 29, 2026 | BY SUDHEER KABEER

കണ്ണൂർ ചക്കരക്കൽ മേഖലയിൽ അധ്യാപക ദമ്പതികൾ കാട്ടിയ സേവനസന്നദ്ധത നാടിന് അഭിമാനമാകുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം തങ്ങളുടെ സ്വത്തുക്കൾ സമൂഹത്തിലെ അർഹരായവർക്കായി വിട്ടുനൽകാൻ മൊയ്‌തീൻകുട്ടിയും ഭാര്യ സക്കീനയും തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ഇവർ, ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ചക്കരക്കല്ലിന് സമീപമുള്ള ഇരിവേരിയിൽ 18 സെന്റ് സ്ഥലം വാങ്ങി വീട് വെച്ച് താമസിച്ചുവരികയായിരുന്നു. മാവിലായി സ്കൂളിലെ അധ്യാപകനായിരുന്നു മൊയ്‌തീൻകുട്ടി, മുതുകുറ്റി യുപി സ്കൂളിലെ അധ്യാപികയായിരുന്നു സക്കീന.

സേവനകാലം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ, തങ്ങൾ താമസിച്ചിരുന്ന സ്ഥലവും വീടും നിർധനരായ നാല് കുടുംബങ്ങൾക്കായി സൗജന്യമായി നൽകാൻ ഇവർ തീരുമാനിച്ചു. ഇരിവേരി കരിമ്പിയിൽ കനാലിന് സമീപത്തുള്ള ഈ ഭൂമിയിൽ നാല് വീടുകൾ നിർമിച്ചു നൽകാനും ദമ്പതികൾ മുൻകൈ എടുത്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾ ഫൗണ്ടേഷനാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാടക വീടുകളിലും മറ്റും അന്തിയുറങ്ങിയിരുന്ന നാല് കുടുംബങ്ങളുടെ സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്.

വീടുകളുടെ താക്കോൽദാന ചടങ്ങ് ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷൈജ ഉദ്ഘാടനം ചെയ്തു. ജമാ അത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പീപ്പിൾ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.അബ്ദുൽ മജീദ് താക്കോൽ ദാനം നിർവഹിച്ചു. വാർഡ് അംഗം കെ.ഷൈമ താക്കോൽ ഏറ്റുവാങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ ഇ.അബ്ദുൽ സലാം, ഫൈസൽ വാരം, ഡോ.അബ്ദുൽ ഗഫൂർ, അശോകൻ, എം.മുസ്തഫ, പി.ഹർഷാന, എം.വി.സുബൈർ തുടങ്ങിയവർ സംസാരിച്ചു.

Uploaded Image
« Newer Post Older Post »
Link Copied! ✅