ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

അധ്യയനവർഷം തൊട്ടടുത്ത്: സ്കൂൾ വിപണിയിൽ വൻ തിരക്ക്; പുതിയ ട്രെൻഡുകളുമായി ഡിജിറ്റൽ സ്റ്റേഷനറികളും

📅 May 17, 2026 | BY SUDHEER KABEER

പുതിയ അധ്യയനവർഷം ആരംഭിക്കാറായതോടെ തൊടുപുഴയിലെ വിപണിയിൽ സ്കൂൾ ഉൽപ്പന്നങ്ങളുടെ വിൽപന സജീവമായി. ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവയ്ക്കെല്ലാം വലിയ തോതിലുള്ള ആവശ്യക്കാരാണ് ഇപ്പോൾ വിപണിയിലുള്ളത്. സൂപ്പർ ഹീറോകളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ പതിച്ച ബാഗുകൾക്കാണ് വിദ്യാർഥികൾക്കിടയിൽ കൂടുതൽ പ്രിയമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

ബ്രാൻഡുകൾക്കും ഗുണമേന്മയ്ക്കും അനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. 350 രൂപ മുതൽ 2,000 രൂപയ്ക്ക് മുകളിൽ വരെ വിലവരുന്ന ബാഗുകൾ വിപണിയിലുണ്ട്. 1,000 രൂപയിൽ താഴെയും മികച്ച ബ്രാൻഡഡ് ബാഗുകൾ ലഭ്യമാണ്. വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ മാർച്ച് മുതൽ തന്നെ കുടകളുടെ വിൽപനയിൽ വർധനവുണ്ടായിരുന്നു. മഴക്കാലം കൂടി കണക്കിലെടുക്കുമ്പോൾ കുടകളുടെ വിൽപനയിൽ വലിയ കുതിപ്പാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. 250 രൂപ മുതൽ വിവിധ വർണങ്ങളിലുള്ള കുടകൾ ലഭ്യമാണ്.

ഇത്തവണത്തെ പ്രധാന ആകർഷണം ഡിജിറ്റൽ പെൻസിൽ ബോക്സുകളാണ്. 150 രൂപയ്ക്ക് മുകളിൽ വിലയുള്ള ഇത്തരം ബോക്സുകളുടെ ഡിസ്പ്ലേയിൽ എഴുതാനും വരയ്ക്കാനും സാധിക്കും. എഴുത്തുകൾ മായ്ക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ലഞ്ച് ബോക്സുകൾ 250 രൂപ മുതലും, വാട്ടർ ബോട്ടിലുകൾ 100 രൂപ മുതലും പെൻസിൽ ബോക്സുകൾ 30 രൂപ മുതലും വിപണിയിൽ ലഭ്യമാണ്.

അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അതേസമയം, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തിരക്കും സ്കൂളുകളിൽ നിന്ന് നേരിട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതും ചെറുകിട കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നു.

Uploaded Image
« Newer Post Older Post »
Link Copied! ✅