Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

നിയമസഭയിലെ നർമം: കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ച് എംഎൽഎ

📅 May 23, 2026 | BY SUDHEER KABEER

നിയമസഭാ സമ്മേളനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് എംഎൽഎയുടെ പ്രതികരണം. അതീവ ഗൗരവകരമെന്നു കരുതുന്ന സന്ദർഭങ്ങളിൽ പോലും നർമത്തിന്റെ അംശം കണ്ടെത്താൻ താൻ ശ്രമിക്കാറുണ്ടെന്നും, എന്നാൽ എംഎൽഎ ആയതോടെ അത്തരം നിരീക്ഷണങ്ങൾ പൊതുവേദികളിൽ പങ്കുവെക്കുന്നത് ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി. “ഒട്ടും നർമമില്ലെന്നു മറ്റുള്ളവർ കരുതുന്ന സ്ഥലത്തും നർമം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എംഎൽഎ എന്ന നിലയിൽ 2 ദിവസം നിയമസഭയിൽ ഇരുന്നപ്പോഴും കിട്ടി അങ്ങനെ പലതും. അവ സ്വയം ആസ്വദിക്കുന്നതല്ലാതെ ആരോടും പറയുന്നില്ല. തമാശ പറഞ്ഞതുകൊണ്ട് ഇപ്പോൾ വരുമാനമൊന്നുമില്ലല്ലോ. എംഎൽഎ ആയതോടെ അതൊക്കെ നിർത്തി. പണ്ടു ഞങ്ങൾ അവതരിപ്പിച്ചിരുന്ന തമാശപ്പരിപാടികളിലെല്ലാം രാഷ്ട്രീയമായിരുന്നല്ലോ പ്രധാന വിഷയം. നിയമസഭയിൽനിന്ന് അങ്ങനെ പല തമാശകളും എടുത്തിട്ടുണ്ട്. ഇനിയും അങ്ങനെ പലതും കണ്ണിൽപെട്ടേക്കാം.”

നീണ്ട പ്രസംഗങ്ങൾ സഭയിൽ വിരസതയുണ്ടാക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും, എന്നാൽ സ്റ്റേജ് പരിപാടികളിലെ അനുഭവസമ്പത്ത് പ്രസംഗത്തിൽ കൃത്യത പാലിക്കാൻ തന്നെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സഭയിലെ ആദ്യ രണ്ടു ദിനവും വിരസമായില്ല. നീളമുള്ള പ്രസംഗങ്ങൾ വിരസതയുണ്ടാക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ, പ്രസംഗങ്ങൾക്കു സ്പീക്കർ ‘ബെല്ലും ബ്രേക്കും’ കൊടുക്കാറുണ്ടല്ലോ. എല്ലാം ഒഴുക്കിൽ പറഞ്ഞുപോകുന്നതാണ് എന്റെ ശീലം. എങ്കിലും തലയിൽ ക്ലോക്കും എഡിറ്ററുമുള്ളയാളാണു ഞാൻ. സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു കിട്ടിയ ഗുണമാണ്. എപ്പോൾ തുടങ്ങണം, എപ്പോൾ അവസാനിപ്പിക്കണം എന്നതു കണക്കുകൂട്ടി വയ്ക്കും. സ്റ്റേജ് പരിപാടികളിൽ വിരസതയ്ക്കു വലിയ വിലയുണ്ട്. പണം കൊടുത്തു കാണുന്ന പരിപാടിയല്ലേ. രാഷ്ട്രീയപ്രസംഗം പണം കൊടുത്തു കേൾക്കുന്നതല്ലാത്തതുകൊണ്ടാകാം ആരും കേൾവിക്കാരുടെ വിരസതയെക്കുറിച്ചു ചിന്തിക്കാത്തത്.”

സഭയിലെ ഭാഷാപ്രയോഗങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. “സഭയിൽ ചില വാക്കുകൾ ‘അൺപാർലമെന്ററി’യാണ്. എന്നാൽ, സഭയ്ക്കു പുറത്തു സംസാരിക്കുമ്പോഴും തമാശ പറയുമ്പോൾപോലും അൺപാർലമെന്ററി വാക്കുകൾ വരരുതെന്നാണ് എന്റെ പക്ഷം. ആരെക്കുറിച്ചാണോ തമാശ പറയുന്നത് അയാൾക്കും ചിരിക്കാൻ പറ്റണം. തിരക്കിനിടയിലും നല്ല നർമം പറഞ്ഞിരുന്നവരാണ് ഇ.കെ.നായനാരും ലീഡർ കെ.കരുണാകരനുമൊക്കെ. നർമപ്രിയനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി വരുമ്പോൾ അദ്ദേഹത്തിൽനിന്നും ഈ സഭയിൽനിന്നും നല്ല നർമം പ്രതീക്ഷിക്കുന്നുണ്ട്. സഭയിൽ ചർച്ച ചെയ്യുന്ന വിഷയത്തോടാണു ഗൗരവം കാണിക്കേണ്ടത്. പരസ്പരമുള്ള സമീപനം സരസമായാൽ തീരുമാനത്തിലേക്ക് എത്താൻ എളുപ്പമായിരിക്കും.”

നിയമസഭയിലെ രാഷ്ട്രീയ നേതാക്കളുടെ സൗഹൃദപരമായ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. “കലുഷിതമായ ദൃശ്യങ്ങളാണു പുറത്തുവരുന്നതും പ്രചരിപ്പിക്കപ്പെടുന്നതും എന്നതിനാൽ സഭയെക്കുറിച്ചു പുറത്തുള്ളവർക്ക് ഒരു കാഴ്ചപ്പാടുണ്ട്. എന്നാൽ, 2 ദിവസവും ഞാൻ കണ്ടതു സമാധാനപരമായ സഭയാണ്. എല്ലാവരും സ്നേഹപൂ‍ർവം സംസാരിക്കുന്നു, കൈ കൊടുക്കുന്നു. പിണറായി വിജയനും ജി.സുധാകരനും കണ്ടുമുട്ടുമ്പോൾ എന്തു സംഭവിക്കുമെന്നതായിരുന്നു കുറെ ദിവസം പുറത്തു ചർച്ച. ഇവർ ശത്രുക്കളാണെന്നും ആ ശത്രുത പ്രകടിപ്പിക്കും എന്നൊക്കെയാണ് ആളുകൾ വിചാരിച്ചത്. എന്നാൽ പരസ്പരം ചിരിച്ച്, തോളിൽ തട്ടി, കൈ കൊടുക്കുന്ന രണ്ടു നേതാക്കളെയല്ലേ നമ്മൾ കണ്ടത്? വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള ആളുകളുമായി അടുത്ത് ഇടപഴകിയിട്ടുള്ളയാളാണു ഞാൻ. അവരെല്ലാമായി സൗഹൃദവുമുണ്ട്. അതു പറ്റാത്തവർക്കാണ് ഇങ്ങനെയൊക്കെ കാണുമ്പോൾ അതിശയം തോന്നുന്നത്. ആശയപരമായി വൈരുധ്യമുണ്ടെങ്കിലും മനുഷ്യനെന്ന നിലയിൽ നമ്മൾ ഒന്നിച്ചുനിൽക്കേണ്ടതാണെന്ന ബോധ്യം വേണം. ആ സന്ദേശം നൽകാൻ ജനപ്രതിനിധികൾക്കാണ് ഏറ്റവും ഉത്തരവാദിത്തം.”

Uploaded Image
« Newer Post Older Post »
Link Copied! ✅