തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ‘വലിയകുളം’ വീണ്ടും വികസന ചർച്ചകളിൽ നിറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലാശയങ്ങളിലൊന്നായ ഇത്, ഏകദേശം 28 ഏക്കർ വിസ്തൃതിയോടെ തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നതാണ്. ഒരു കാലത്ത് ചെങ്കൽ, കാരോട്, പാറശാല, കൊല്ലയിൽ എന്നീ പഞ്ചായത്തുകളിലെ കാർഷിക മേഖലയുടെ ജീവനാഡിയായിരുന്നു ഈ ജലാശയം.
വിശാലമായ കൃഷിഭൂമികളിലേക്ക് ജലസേചനം ഉറപ്പാക്കിയിരുന്ന വലിയകുളം, പ്രദേശത്തെ കർഷകരുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്നു. എന്നാൽ, പരിസരത്തെ പാടശേഖരങ്ങൾ നികത്തപ്പെടുകയും കാർഷികവൃത്തി ക്ഷയിക്കുകയും ചെയ്തതോടെ കുളം അവഗണനയുടെ വക്കിലായി. കൈയേറ്റങ്ങൾ മൂലം ഇതിന്റെ വിസ്തൃതി ഇപ്പോൾ 25 ഏക്കറിൽ താഴെയായി ചുരുങ്ങിയതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ചെങ്കൽ പഞ്ചായത്തും പി. ഗോപിനാഥൻ നായരുടെ നേതൃത്വത്തിലുള്ള ഗാന്ധിമിത്ര മണ്ഡലവും ചേർന്ന് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ വലിയകുളത്തിന് പുതുജീവൻ നൽകിയിരുന്നു. തുടർന്ന്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഇവിടെ നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, അത് ചുവപ്പുനാടയിൽ കുരുങ്ങി നിലച്ചു.
ടൂറിസം വകുപ്പ് ആവിഷ്കരിച്ച വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി കുളത്തിന് ചുറ്റും 45 ലക്ഷം രൂപ ചെലവഴിച്ചാണ് വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ, നിലവിൽ ഇവ പ്രവർത്തനരഹിതമാണ്. 2020–21 വർഷത്തിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കായിക പരിശീലന കെട്ടിടവും ഉദ്ഘാടനത്തിന് ശേഷം തുറന്നുപ്രവർത്തിക്കാതെ അടച്ചിട്ടിരിക്കുകയാണ്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ ജലാശയത്തെ സംരക്ഷിക്കാനും അനുയോജ്യമായ വികസന പദ്ധതികൾ നടപ്പിലാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
