കോഴിക്കോട്: കാൽ നൂറ്റാണ്ട് മുൻപ് യൂറോപ്യൻ സാമ്പത്തിക സഹായത്തോടെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രം ഇന്ന് അവഗണനയുടെ പടുകുഴിയിൽ. കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിപണി, വികസനമെന്ന പേരിൽ കേരള അഗ്രോ ബിസിനസ് കൺസോർഷ്യം (കാബ്കോ) ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. 2022-ൽ രൂപീകരിച്ച കാബ്കോയുടെ നിയന്ത്രണത്തിൽ മാർക്കറ്റ് എത്തിയിട്ട് നാല് വർഷം പിന്നിടുമ്പോഴും കാര്യമായ വികസനങ്ങളൊന്നും പ്രകടമല്ല.
ചരിത്രപരമായ തുടക്കം
2000 ഫെബ്രുവരിയിലാണ് വേങ്ങേരി തടമ്പാട്ടുതാഴത്ത് 22 ഏക്കർ വിസ്തൃതിയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. കർഷകർക്കായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസ്, അഞ്ച് പവിലിയനുകൾ, ഡോർമിറ്ററി, ഇരുനില ഭക്ഷണപ്പുര, എസി താമസമുറി, ഓഡിറ്റോറിയം എന്നിവ അന്ന് സജ്ജമാക്കിയിരുന്നു. 109 കടകളിലായി വ്യാപാര സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ പത്ത് വർഷം പിന്നിട്ടപ്പോൾ ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടതോടെ മാർക്കറ്റിലെ പല ഇടങ്ങളും ഗോഡൗണുകളായി മാറി.
പ്രതിസന്ധികൾ തുടരുന്നു
കാബ്കോ ഏറ്റെടുത്ത ശേഷം മാർക്കറ്റിലെ നിക്ഷേപമായിരുന്ന 6.24 ലക്ഷം രൂപയും പ്രതിമാസ വരുമാനമായ 2.4 ലക്ഷം രൂപയും വികസനത്തിന്റെ പേരിൽ അവർ കൈപ്പറ്റാൻ തുടങ്ങി. എന്നാൽ നാല് വർഷത്തിനിടയിൽ 45 ലക്ഷം രൂപ ചെലവഴിച്ച് 200 മീറ്റർ റോഡിൽ പൂട്ടുകട്ട പാകിയത് മാത്രമാണ് എടുത്തുപറയാവുന്ന ഏക പ്രവർത്തി. 3.5 കിലോമീറ്റർ നീളമുള്ള റോഡ് ഇപ്പോഴും തകർന്നുകിടക്കുകയാണ്. 22 ഏക്കർ സ്ഥലത്ത് കെട്ടിടങ്ങൾ ഒഴികെയുള്ള 11 ഏക്കർ ഭാഗം കാടുപിടിച്ച് നശിക്കുന്ന അവസ്ഥയിലാണ്.
നേരത്തെ കൃഷി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന മാർക്കറ്റിൽ ഇപ്പോൾ ഉദ്യോഗസ്ഥർക്ക് പോലും കാര്യമായി ഇടപെടാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പവിലിയനുകളുടെ മേൽക്കൂരകൾ തുരുമ്പെടുത്ത് നശിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്താൻ സാധിക്കാത്തത് കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഭക്ഷണപ്പുരയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള വിപണന കേന്ദ്രം വരുമാനത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
