ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

വയനാടൻ ചക്കയ്ക്ക് വൻ പ്രിയം: കർണാടകയിലേക്കും ആന്ധ്രയിലേക്കും വ്യാപക കയറ്റുമതി

📅 May 13, 2026 | BY SUDHEER KABEER


അമ്പലവയൽ മേഖലയിൽ ചക്കയുടെ വിളവെടുപ്പ് സജീവമായതോടെ ഉൽപന്നത്തിന് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ നിന്ന് അയൽ സംസ്ഥാനങ്ങളായ കർണാടകയിലേക്കും ആന്ധ്ര പ്രദേശിലേക്കും വൻതോതിൽ ചക്കകൾ കയറ്റി അയക്കുന്നുണ്ട്. മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വ്യാപാരികൾ നേരിട്ടെത്തിയാണ് തോട്ടങ്ങളിൽ നിന്ന് ചക്കകൾ മൊത്തമായി സംഭരിക്കുന്നത്.

മേയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലയിൽ ചക്ക വിളവെടുപ്പ് ആരംഭിച്ചിരുന്നു. തോട്ടം ഉടമകൾക്ക് ഒരു ചക്കയ്ക്ക് 10 മുതൽ 15 രൂപ വരെയാണ് മൊത്തവിലയായി ലഭിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കായി വ്യാപകമായി കൃഷി ചെയ്യുന്നവരേക്കാൾ, തങ്ങളുടെ പുരയിടങ്ങളിലെ പ്ലാവുകളിൽ നിന്ന് ലഭിക്കുന്ന ചക്കകൾ വിറ്റ് ചെറിയൊരു വരുമാനം കണ്ടെത്തുന്നവരാണ് ജില്ലയിലധികവും. അതേസമയം, കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ആനകളെ ആകർഷിക്കാതിരിക്കാൻ ചക്കകൾ മൂപ്പെത്തുന്നതിന് മുൻപ് തന്നെ നശിപ്പിച്ചുകളയുന്ന സാഹചര്യവുമുണ്ട്.

റോഡരികുകളിൽ വിൽപന നടത്തുന്നവർ ചക്കയുടെ വലിപ്പത്തിനനുസരിച്ച് 50 മുതൽ 100 രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ വിൽപന സ്റ്റാളിൽ കിലോയ്ക്ക് അഞ്ച് രൂപ എന്ന നിരക്കിലാണ് ചക്ക വിൽക്കുന്നത്. ഗവേഷണ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന ചക്കകൾക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ പല ദിവസങ്ങളിലും സ്റ്റോക്ക് വേഗത്തിൽ തീരാറുണ്ട്. നിലവിൽ അഗ്രി ഫെസ്റ്റ് സന്ദർശിക്കാനെത്തുന്നവരും കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളും ഈ സ്റ്റാളിലെ പ്രധാന ഉപഭോക്താക്കളാണ്.



Labels: Business, Kerala, Main, Wayanad
« Newer Post Older Post »
Link Copied! ✅