Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മന്ത്രിയായി ആദ്യമായി വീട്ടിലെത്തി ഒ.ജെ.ജനീഷ്: വൈകാരിക നിമിഷങ്ങളായി മടക്കയാത്ര

📅 May 25, 2026 | BY SUDHEER KABEER

കുഴൂർ കാക്കുളിശേരി റോഡിൽ നിന്നും അഡ്വ. ഒ.ജെ.ജനീഷ്, അഡ്വ. ശ്രീലക്ഷ്മി എന്ന് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ച ഇടവഴിയിലൂടെ മന്ത്രിയുടെ ഔദ്യോഗിക വാഹനം തന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. കഴിഞ്ഞ 17ന് നിയുക്ത എംഎൽഎ എന്ന നിലയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി പുറപ്പെട്ട ജനീഷ് ഒരാഴ്ചയ്ക്ക് ശേഷം മന്ത്രി എന്ന നിലയിലാണ് മടങ്ങിയെത്തിയത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തും, ഡിസിസിയുടെയും നാട്ടുകാരുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയുമുള്ള മടക്കം അദ്ദേഹത്തിന് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ‘ഇനി കുറച്ചു നേരം വീട്, പ്രിയപ്പെട്ടവർ’ – എന്ന ചിന്തയോടെയായിരുന്നു മന്ത്രിയുടെ വരവ്.

രാത്രി 11.45-ഓടെയാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനം ഓടാശേരി വീടിനു മുൻപിൽ വന്നെത്തിയത്. കാറിന്റെ വെളിച്ചം വീട്ടുമുറ്റത്ത് പതിച്ചതോടെ കാത്തിരുന്നവർ എഴുന്നേറ്റ് നിന്നു. സഹോദരൻ ധനേഷ് തന്റെ മകളെ തോളിലെടുത്ത് കാറിന്റെ ഡോറിന് അരികിലെത്തി. കുട്ടിയെ ഉണർത്താതെ സ്നേഹത്തോടെ തലോടിയ ശേഷമാണ് മന്ത്രി വീടിന്റെ പടി കയറിയത്. ഈ സ്ഥാനലബ്ധിയിൽ അഭിമാനിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണുകളിൽ സന്തോഷക്കണ്ണീർ നിറഞ്ഞു.

കുരുന്നുകളായ ദൈവിക, യാമിക, അൽവിക, മിതാൽ എന്നിവർ ചേർന്ന് ‘ഔവർ വല്യച്ഛൻ, നൗ ദ് പീപ്പിൾസ് സ്റ്റാർ, ഷൈൻ ഇൻ ദെയർ ഹാർട്ട്. വെൽകം ഹോം’ എന്ന് എഴുതിയ കാർഡ് മന്ത്രിക്ക് സമ്മാനിച്ചു. ശേഷം, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അഡ്വ. എം.കെ. റോയ്, കെ.എസ്. ബിജോയ്, ഭാര്യ അഡ്വ. എൻ.ആർ. സരിത എന്നിവരോട് വൈകിയതിൽ അദ്ദേഹം ക്ഷമ ചോദിച്ചു.

വീട്ടിലേക്കുള്ള മടക്കത്തിലും കുടുംബത്തോടുള്ള കരുതലിൽ വിട്ടുവീഴ്ചയുണ്ടായില്ല. വീട്ടുകാരെ അടുത്തു വിളിച്ച് ഭക്ഷണകാര്യങ്ങൾ തിരക്കിയ മന്ത്രിക്ക്, മുട്ടക്കറിയും ചപ്പാത്തിയുമായിരുന്നു അമ്മ പുഷ്പയും ഭാര്യ ശ്രീലക്ഷ്മിയും വാഗ്ദാനം ചെയ്തത്. 25ന് നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ടതിനാലുള്ള തിരക്കുകൾക്കിടയിലും, കാത്തിരുന്നവരോട് വിശേഷങ്ങൾ പങ്കുവെക്കാൻ മന്ത്രി സമയം കണ്ടെത്തി.

Uploaded Image
« Newer Post Older Post »
Link Copied! ✅