Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

താരസംഘടനയിൽ കടുത്ത പ്രതിസന്ധി; സാമ്പത്തിക ക്രമക്കേടുകളിൽ ആരോപണവുമായി മാലാ പാർവതിയും മല്ലിക സുകുമാരനും

📅 May 26, 2026 | BY SUDHEER KABEER

താരസംഘടനയിലെ സാമ്പത്തിക ഇടപാടുകളെയും ഭരണപരമായ വീഴ്ചകളെയും ചൊല്ലി സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. സംഘടനയുടെ വരവുചെലവു കണക്കുകൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി രംഗത്തെത്തി. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി 13.5 ലക്ഷം രൂപ ചെലവഴിച്ചതിനെതിരെയാണ് പ്രധാന വിമർശനം. ഇത്രയും വലിയ തുക ഈ പരിപാടിക്കായി ചെലവാക്കേണ്ടതില്ലെന്ന് സംഘടനയിലെ പല അംഗങ്ങളും കരുതുന്നുണ്ട്. ഭാരവാഹികളുമായി അടുത്ത ബന്ധം പുലർത്തുന്ന സ്പോൺസർമാർക്ക് അനാവശ്യമായ മുൻഗണന ലഭിക്കുന്നുണ്ടെന്നും മാലാ പാർവതി ആരോപിച്ചു.

ട്രഷറർ ഉണ്ണി ശിവപാൽ കണക്കുകൾ അവതരിപ്പിക്കാൻ ചുമതലപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തിയിട്ടില്ല. “മഹാൻമാരായ നടൻമാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിൻ്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്‌ന പരിഹാരത്തിന് സീനിയർ താരങ്ങൾ ഇടപെടണമെന്നും” അവർ ആവശ്യപ്പെട്ടു.

അതേസമയം, സംഘടനയുടെ നിലവിലെ പ്രവർത്തന രീതികൾക്കെതിരെ മുതിർന്ന താരം മല്ലിക സുകുമാരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് അടിയന്തരമായി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം. സംഘടനയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്തത്ര നാണക്കേടുണ്ടാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുതിർന്ന താരങ്ങൾ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്ന് മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു.

സംഘടനയുടെ ഓഫീസിലെ സിസിടിവി ക്യാമറകളുടെ ആവശ്യകതയെക്കുറിച്ചും അവർ ചോദ്യം ഉയർത്തി. സംഘടനയിൽ സുതാര്യത ഒട്ടും ഇല്ലെന്നും കാര്യങ്ങൾ ഒളിച്ചും പതുങ്ങിയും നടത്തുകയാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. കുക്കു പരമേശ്വരൻ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചെന്നും, അൻസിബ, സരയു എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത് ടിനി ടോം ആണെന്നും അവർ ആരോപിച്ചു. ശ്വേതയുടേതടക്കമുള്ളവരുടെ നിലപാടുകളെയും മല്ലിക സുകുമാരൻ ചോദ്യം ചെയ്തു.

Uploaded Image
« Newer Post Older Post »
Link Copied! ✅