സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിട്ട കടുത്ത സാങ്കേതിക തടസ്സങ്ങളും മൂല്യനിർണ്ണയത്തിലെ ഗുരുതരമായ പിഴവുകളും പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരുമായി സിബിഎസ്ഇ ഉദ്യോഗസ്ഥർ ഓൺലൈൻ യോഗം ചേർന്നു.
വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ സാങ്കേതിക വിദഗ്ധരെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പണമിടപാടുകളിലെ തടസ്സം നീക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായവും ഉറപ്പുവരുത്തി. സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി സിബിഎസ്ഇ ദീർഘിപ്പിച്ചു.
വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി ഇടപെട്ടു. സാങ്കേതിക പിഴവുകളെക്കുറിച്ചും വിദ്യാർത്ഥികളുടെ പരാതികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് നൽകാൻ അദ്ദേഹം സിബിഎസ്ഇ അധികൃതർക്ക് നിർദ്ദേശം നൽകി. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയുടെ പ്രവർത്തനം സംബന്ധിച്ചും അന്വേഷണം നടക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ ലഭ്യമാക്കുമെന്നും, സാങ്കേതിക തകരാറുമൂലം അധിക തുക ഈടാക്കിയവർക്ക് അത് തിരികെ നൽകുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇതിനായി വിദ്യാർത്ഥികൾ പുതിയ അപേക്ഷ നൽകേണ്ടതില്ല. ശരിയുത്തരങ്ങൾ എഴുതിയിട്ടും പൂജ്യം മാർക്ക് നൽകിയ സംഭവങ്ങൾ ഉൾപ്പെടെയുള്ള പരാതികളിൽ പ്രതിഷേധം ശക്തമാണ്.
