അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ബെയ്ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ്, ഏറ്റുമുട്ടലുകളല്ല സഹകരണമാണ് ഇരുരാജ്യങ്ങൾക്കും വേണ്ടതെന്ന് ഷി ജിൻപിങ് വ്യക്തമാക്കിയത്. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈന സന്ദർശനത്തിനെത്തിയ ഡോണാൾഡ് ട്രംപിന് ഊഷ്മളമായ സ്വാഗതമാണ് അദ്ദേഹം നൽകിയത്.
ലോകം ഒരു പുതിയ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നതെന്നും, ഒരു നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പരിവർത്തനങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുകയാണെന്നും ഷി ജിൻപിങ് ചൂണ്ടിക്കാട്ടി. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ അസ്ഥിരവും പ്രക്ഷുബ്ധവുമാണെന്നും അദ്ദേഹം വിലയിരുത്തി. ലോകത്തിലെ രണ്ട് വൻശക്തികളായ ചൈനയും യുഎസും തമ്മിലുള്ള ബന്ധം ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് പ്രസിഡന്റ് ഉന്നയിച്ച ചോദ്യങ്ങൾ ഇപ്രകാരമാണ്: “ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും ലോകത്തിന് കൂടുതൽ സ്ഥിരത നൽകാനും നമുക്ക് കഴിയുമോ? നമ്മുടെ രണ്ട് ജനങ്ങളുടെയും മനുഷ്യരാശിയുടെ ഭാവിയുടെയും താൽപര്യങ്ങൾക്കായി, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഒരുമിച്ച് ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുമോ”
ചൈനയും യുഎസും തമ്മിൽ പൊതുവായ താൽപര്യങ്ങൾ ഉണ്ടെന്നും, ഒരു രാജ്യത്തിന്റെ വിജയം മറ്റൊന്നിന് അവസരമായി മാറണമെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും എതിരാളികളായല്ല, മറിച്ച് പങ്കാളികളായി നിലകൊള്ളണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. സഹകരണത്തിലൂടെ ഇരുരാജ്യങ്ങൾക്കും നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും, ഏറ്റുമുട്ടലുകൾ നഷ്ടങ്ങൾ മാത്രമാണ് സമ്മാനിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയൊരു അധ്യായം രചിക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്ന് താൻ പ്രത്യാശിക്കുന്നതായും ഷി ജിൻപിങ് വ്യക്തമാക്കി.
