മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വിദ്യാർഥികളെ മർദിച്ച സംഭവം ശരിയായിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഈ സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ചർച്ചയ്ക്കിടെ സെയ്ദ് മുഹമ്മദ് സാദിഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:
‘ഞാനിവിടെ വന്നിരിക്കുന്നത് എസ്എഫ്ഐയെ പ്രതിനിധീകരിച്ചാണ്. സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ ഇത്തരത്തിലൊരു പൊലീസ് വേട്ട ഒരു കാരണവശാലും അംഗീകരിക്കില്ല. അതു മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതും ശരിയല്ല.’
സംസ്ഥാനത്ത് വിദ്യാർഥി സംഘടനകൾക്കെതിരെ നടക്കുന്ന പൊലീസ് നടപടികളിൽ ശക്തമായ വിയോജിപ്പാണ് എസ്എഫ്ഐ നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്.
