**ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസ്: ഒളിവിൽ പോയ ഭർത്താവ് തമിഴ്‌നാട്ടിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ**
**തിരുവനന്തപുരം:** വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിനി ഹസീന ബീവി (36) കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ ഭർത്താവും പ്രതിയുമായ വി. സുരേഷിനെ (46) തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള കിള്ളൈ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിൽ നിന്നും ലഭിച്ച ആധാർ കാർഡിലെ വിലാസം പരിശോധിച്ച തമിഴ്‌നാട് റെയിൽവേ പൊലീസ്, വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് നാലാഞ്ചിറ ഉദിയന്നൂരിലെ വാടകവീട്ടിൽ വെച്ച് ഹസീന ബീവി ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് സ്വന്തം മക്കളുടെ മുന്നിൽ വെച്ച് ഹസീനയുടെ കഴുത്തറുത്ത ശേഷം സുരേഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ചിരുന്ന കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മണ്ണന്തല പൊലീസ് കണ്ടെടുത്തു. കരമന, പ്രാവച്ചമ്പലം ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. ബുധനാഴ്ച സുരേഷ് പ്രാവച്ചമ്പലം വരെ കാറിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇയാൾ എത്തിയതായും നാട്ടുകാർ മൊഴി നൽകി. അവിടെ വെച്ച് മറ്റൊരാളുടെ തൊപ്പി വാങ്ങി ധരിച്ച്, വേഷം മാറിയ ശേഷമാണ് സുരേഷ് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. ഫോറൻസിക് പരിശോധനകൾക്ക് ശേഷം കാർ മണ്ണന്തല സ്റ്റേഷനിലേക്ക് മാറ്റും.
അതിനിടെ, ഒളിവിൽ കഴിയുന്ന സമയത്ത് സുരേഷ് മൂത്ത മകളെ ഫോണിൽ വിളിച്ചിരുന്നു. "താൻ ഇനി തിരികെ വരില്ലെന്നും അനിയന്മാരെയും അനിയത്തിയെയും നന്നായി നോക്കണമെന്നും" പറഞ്ഞാണ് സുരേഷ് ഫോൺ കട്ട് ചെയ്തത്.
അമ്മയുടെ ദാരുണമായ കൊലപാതകത്തിനും തൊട്ടുപിന്നാലെ അച്ഛന്റെ മരണത്തിനും സാക്ഷിയാകേണ്ടി വന്ന നാല് മക്കളും ഇപ്പോൾ തീരാദുഃഖത്തിലാണ്. പ്ലസ്ടു, പത്താം ക്ലാസ്, ആറാം ക്ലാസ്, നാലാം ക്ലാസ് വിദ്യാർത്ഥികളായ ഈ നാല് കുട്ടികളും ഇപ്പോൾ ഹസീനയുടെ മാതാവിനൊപ്പമാണ് കഴിയുന്നത്. എസി മെക്കാനിക്കായിരുന്ന സുരേഷിന്റെ വരുമാനത്തിലായിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്. മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി ഇനി എങ്ങനെയാകുമെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.