Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

2026 ലോകകപ്പ്: റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ | Vazhchablog

📅 June 05, 2026 | BY SUDHEER KABEER

 

ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനായി വമ്പൻ സാമ്പത്തിക പാക്കേജുമായി രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ വിജയികളെ കാത്തിരിക്കുന്നത്. ഫിഫ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 655 മില്യൺ യുഎസ് ഡോളർ, അതായത് ഏകദേശം 6,238.42 കോടി രൂപയാണ് സമ്മാനത്തുകയായി മാത്രം വകയിരുത്തിയിരിക്കുന്നത്. ടീമുകളുടെ മറ്റ് യാത്രാ-തയ്യാറെടുപ്പ് ചെലവുകൾക്കായുള്ള തുക കൂടി ഇതിനോടൊപ്പം ചേർക്കുമ്പോൾ മൊത്തം പാക്കേജ് 727 മില്യൺ ഡോളറായി ഉയരും. ഇത് ഏകദേശം 7,400.09 കോടി രൂപയോളം വരും.

ടൂർണമെന്റിൽ കിരീടം നേടുന്ന ജേതാക്കൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലമാണ് ഇത്തവണ ലഭിക്കുക. 2026 ലോകകപ്പിൽ ചാമ്പ്യന്മാരാകുന്ന ടീമിന് മാത്രം 50 മില്യൺ ഡോളർ സമ്മാനത്തുകയായി ലഭിക്കും. ഇതിന് പുറമെ ടൂർണമെന്റിന്റെ മുന്നൊരുക്കങ്ങൾക്കായി ഫിഫ നൽകുന്ന 1.5 മില്യൺ ഡോളർ കൂടി ചേർക്കുമ്പോൾ വിജയികൾക്ക് ലഭിക്കുന്ന ആകെ തുക 51.5 മില്യൺ ഡോളറായി ഉയരും. 2022 ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ അർജന്റീനയ്ക്ക് ലഭിച്ച 42 മില്യൺ ഡോളറിനേക്കാൾ വലിയ തുകയാണ് ഇത്തവണ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 34.5 മില്യൺ ഡോളറും (ഏകദേശം 288.075 കോടി രൂപ), മൂന്നാം സ്ഥാനക്കാർക്ക് 30.5 മില്യൺ ഡോളറും (ഏകദേശം 254.675 കോടി രൂപ), നാലാം സ്ഥാനത്ത് എത്തുന്ന ടീമിന് 28.5 മില്യൺ ഡോളറും (ഏകദേശം 237.975 കോടി രൂപ) സമ്മാനമായി ലഭിക്കും.

മറ്റ് ഘട്ടങ്ങളിൽ പുറത്താകുന്ന ടീമുകൾക്കും വലിയ സാമ്പത്തിക നേട്ടമാണ് ഫിഫ വാഗ്ദാനം ചെയ്യുന്നത്. ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്ക് 20.5 മില്യൺ ഡോളറും, പ്രീ-ക്വാർട്ടറിൽ എത്തുന്ന ടീമുകൾക്ക് 12.5 മില്യൺ ഡോളറും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ടീമുകൾക്ക് പോലും വലിയൊരു തുക ഉറപ്പാണ്. 33 മുതൽ 48 വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 9 മില്യൺ ഡോളർ സമ്മാനമായും 1.5 മില്യൺ ഡോളർ തയ്യാറെടുപ്പിനായും ലഭിക്കും. ചുരുക്കത്തിൽ, ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും കുറഞ്ഞത് 10.5 മില്യൺ ഡോളർ (ഏകദേശം 87.675 കോടി രൂപ) വീതം ഉറപ്പായും ലഭിക്കുമെന്നത് ഈ ടൂർണമെന്റിന്റെ സവിശേഷതയാണ്.

സമ്മാനത്തുകയിലുണ്ടായ ഈ വൻ വർദ്ധനവിന് പിന്നിൽ ടൂർണമെന്റിന്റെ ഘടനയിലുണ്ടായ മാറ്റങ്ങളാണ്. ഇത്തവണ 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഫിഫ ലോകകപ്പിൽ അണിനിരക്കുന്നത്. ഇതോടെ മത്സരങ്ങളുടെ എണ്ണം 64-ൽ നിന്നും 104 ആയി വർദ്ധിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാൽ പരസ്യ വരുമാനത്തിലും സ്പോൺസർഷിപ്പിലും ഉണ്ടായ അഭൂതപൂർവ്വമായ വർദ്ധനവാണ് സമ്മാനത്തുക റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്താൻ ഫിഫയെ സഹായിച്ചത്.

ഇത്രയും ഭീമമായ തുക ഫിഫ എങ്ങനെയാണ് വിതരണം ചെയ്യുന്നതെന്ന കാര്യത്തിലും കൃത്യമായ വ്യവസ്ഥകളുണ്ട്. സമ്മാനത്തുക നേരിട്ട് കളിക്കാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് കൈമാറുകയല്ല ചെയ്യുന്നത്. പകരം, അതത് രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്കാണ് ഈ പണം കൈമാറുക. തുടർന്ന് ഈ തുക കളിക്കാർക്കുള്ള ബോണസ് തുകയായി നൽകാനും, കോച്ചിംഗ് സ്റ്റാഫുകളുടെ ശമ്പളം നൽകാനും, യാത്രാ ചെലവുകൾക്കും, അതത് രാജ്യങ്ങളിലെ ആഭ്യന്തര ഫുട്ബോൾ വികസന പ്രവർത്തനങ്ങൾക്കുമായി അസോസിയേഷനുകൾക്ക് വിനിയോഗിക്കാൻ സാധിക്കും.
« Newer Post Older Post »
Link Copied! ✅