പ്രതിരോധ വകുപ്പിന്റെ പേരിൽ എൺപത്തിയയ്യായിരം കോടി രൂപയുടെ ആയുധ നിർമാണ കരാർ ലഭിച്ചെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരിൽ നിന്ന് 700 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. വിപിവിവി എന്ന കമ്പനിയുടെ മറവിൽ നടന്ന ഈ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിലും സത്യവാങ്മൂലങ്ങളിലും ഗുരുതരമായ ക്രമക്കേടുകളാണ് വെളിച്ചത്തായിരിക്കുന്നത്.
തങ്ങളിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി നൽകിയ കൊല്ലം കിളികൊല്ലൂർ സ്വദേശി എസ്. ശ്രീറാം, സുഹൃത്ത് അജീഷ് രാമചന്ദ്രൻ എന്നിവർക്കെതിരെ അമേരിക്കൻ സുപ്രീം കോടതി നിയമനടപടി തുടങ്ങിയെന്ന വിചിത്രമായ വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. യുഎസിലെ ദേശീയ സുരക്ഷാ നിയമപ്രകാരം ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിഭാഗം സത്യപ്രസ്താവനയിൽ അവകാശപ്പെടുന്നു. കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട്, സ്വയം ആത്മീയ ഗുരുവെന്ന് വിശേഷിപ്പിക്കുന്ന ഡോക്ടർ സാബ്, കൂട്ടാളികളായ ജി.എസ്. ബിജു, പ്രദീപ് കുമാർ ഉൾപ്പെടെയുള്ള പന്ത്രണ്ടോളം പ്രതികൾക്ക് വേണ്ടിയാണ് ഇത്തരമൊരു അവിശ്വസനീയമായ വാദം ഉന്നയിക്കപ്പെട്ടത്.
രഹസ്യ ആയുധ നിർമാണ കരാറിന്റെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് സിഐഎയും യുഎസ് പ്രതിരോധ വകുപ്പും അടക്കമുള്ള ഇരുപത്തിമൂന്ന് ഏജൻസികൾ പരാതിക്കാർക്കെതിരെ നടപടി തുടങ്ങിയെന്ന രീതിയിലാണ് പ്രതികളുടെ വാദങ്ങൾ. 2025 ജൂലൈ ഏഴിന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പ്രതികൾ ഇത്തരം വാദങ്ങൾ നിരത്തിയത്. ഇതിനുപുറമെ, 2025 നവംബർ 24-ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തങ്ങൾ ഇൻഡോ-യുഎസ് പസിഫിക് പീസ് ട്രീറ്റിയുടെ ഭാഗമാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇത്തരമൊരു കരാർ നിലവിലില്ലെന്നും കമ്പനി ഉന്നയിക്കുന്ന വാദങ്ങൾ പൂർണമായും വ്യാജമാണെന്നും യുഎസിലെ ഇന്ത്യൻ എംബസി വിവരാവകാശ രേഖകൾ വഴി സ്ഥിരീകരിച്ചു. 2026 ജനുവരി ഏഴിന് ലഭിച്ച ഔദ്യോഗിക മറുപടി പ്രതികളുടെ വാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. മണിചെയിൻ മാതൃകയിൽ പ്രവർത്തിച്ച കമ്പനി, പ്രതിരോധ വകുപ്പിന്റെ കരാർ എന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് വലിയ തുക തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം തുടരുകയാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ അന്താരാഷ്ട്ര ഏജൻസികളെയും വ്യാജ കരാറുകളെയും കൂട്ടുപിടിക്കാൻ പ്രതികൾ ശ്രമിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോടതിയിൽ സമർപ്പിച്ച രേഖകളിലെ വൈരുദ്ധ്യങ്ങളും വ്യാജ അവകാശവാദങ്ങളും വരുംദിവസങ്ങളിൽ കേസിൽ നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.