Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ദില്ലിയിൽ നിലംപതിച്ചത് അഞ്ചുനില കെട്ടിടം; ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം, രക്ഷാദൗത്യം തുടരുന്നു

📅 June 02, 2026 | BY SUDHEER KABEER

 

ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ സൈദുലജാബിലെ വെസ്റ്റേൺ മാർഗിലാണ് സംഭവം നടന്നത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.


കോച്ചിങ് സെന്ററുകൾ, ഓഫീസുകൾ, കഫേകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൂർണമായും നിലംപൊത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ താൽക്കാലിക കാൻ്റീനിന് മുകളിലേക്കാണ് പതിച്ചത്. സംഭവസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ടായിരുന്നു.


ദില്ലി ഫയർ സർവീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതുവരെ എട്ടുപേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.


അത്യാധുനിക ഹൈഡ്രോളിക് കട്ടറുകൾ, വിക്ടിം ലൊക്കേഷൻ ക്യാമറകൾ, പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അതിനിടെ, രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. എൻഡിആർഎഫ് സംഘവുമായി നാട്ടുകാർ വാക്കേറ്റത്തിലേർപ്പെട്ടതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഉടമയ്ക്ക് നേരത്തെ പരാതി നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിൽ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ കാണാനില്ലെന്ന ആശങ്കയിൽ നിരവധി പേർ ഇപ്പോഴും സ്ഥലത്ത് തടിച്ചുകൂടുകയാണ്.


« Newer Post Older Post »
Link Copied! ✅