Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ഷൂട്ടൗട്ട് ത്രില്ലറിൽ ഗണ്ണേഴ്സ് വീണു; ആഴ്സസണലിനെ വീഴ്ത്തി പിഎസ്‌ജി വീണ്ടും യൂറോപ്പിന്‍റെ രാജാക്കന്മാർ

📅 June 03, 2026 | BY SUDHEER KABEER

 

ഹംഗറിയിലെ പുഷ്കാസ് അരീനയിൽ നടന്ന ആവേശകരമായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെ പരാജയപ്പെടുത്തി ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജി കിരീടം നിലനിർത്തി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് പിഎസ്‌ജി വിജയം സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന അപൂർവ്വ നേട്ടവും ഇതോടെ പിഎസ്‌ജി സ്വന്തം പേരിലാക്കി.


മത്സരത്തിന്റെ ഗതി


മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ആഴ്സണൽ ആറാം മിനിറ്റിൽ തന്നെ ലീഡ് നേടി. മാർക്വിഞ്ഞോസിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്ത് ജർമ്മൻ താരം കായ് ഹാവെർട്സ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. 2021-ലെ ഫൈനലിലും ഗോൾ നേടിയിട്ടുള്ള താരമാണ് ഹാവെർട്സ്.


എന്നാൽ രണ്ടാം പകുതിയിൽ പിഎസ്‌ജി ശക്തമായി തിരിച്ചുവന്നു. 65-ാം മിനിറ്റിൽ ഖ്വിച്ച ക്വാരത്സ്ഖേലിയയെ ബോക്സിനുള്ളിൽ വെച്ച് ക്രിസ്റ്റ്യൻ മൊസ്ക്വേര ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ഒസ്മാൻ ഡെംബെലെ പിഴവുകളില്ലാതെ പന്ത് വലയിലാക്കി മത്സരം സമനിലയിലാക്കി. അധികസമയത്ത് പെനാൽറ്റിക്കായി ആഴ്സണൽ വാദിച്ചെങ്കിലും റഫറി അത് നിരാകരിച്ചു. തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് ആഴ്സണൽ നായകൻ ഡെക്ലാൻ റൈസിനും പരിശീലകൻ മിഖേൽ അർട്ടെറ്റയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു.


പെനാൽറ്റി ഷൂട്ടൗട്ട്


ഷൂട്ടൗട്ടിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർണ്ണായകമായ അഞ്ചാം കിക്കിൽ ആഴ്സണലിന്റെ ഗബ്രിയേൽ മഗാല്യുൻസ് പന്ത് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. പിഎസ്‌ജിക്കായി ലൂക്കാസ് ബെരാൾഡോ ലക്ഷ്യം കണ്ടതോടെ ഫ്രഞ്ച് ക്ലബ്ബ് ചാമ്പ്യൻപട്ടം ഉറപ്പിച്ചു. ആഴ്സണലിന്റെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം ഇതോടെ അവസാനിച്ചു.


« Newer Post Older Post »
Link Copied! ✅