Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ഇടവെട്ടിയിൽ പഞ്ചായത്ത് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യം തള്ളിയ കട്ടപ്പന സ്വദേശിക്ക് എട്ടിന്റെ പണി; വൻ തുക പിഴ ചുമത്തി: വാഴ്ചയുഗം

📅 June 06, 2026 | BY SUDHEER KABEER

 

ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ സംവിധാനം ദുരുപയോഗം ചെയ്ത സംഭവത്തിൽ കട്ടപ്പന സ്വദേശിക്ക് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ നാലാം വാർഡായ കൂവേക്കുന്നിൽ സ്ഥാപിച്ചിരുന്ന പൊതുമാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് നിബന്ധനകൾ ലംഘിച്ച് ഇയാൾ മാലിന്യം തള്ളിയത്. ചീഞ്ഞളിഞ്ഞ അവസ്ഥയിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി ബിന്നിൽ നിക്ഷേപിക്കുകയായിരുന്നു.

ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്ന കുടുംബമാണ് നിയമവിരുദ്ധമായി മാലിന്യം തള്ളിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ബിന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി എത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മാലിന്യക്കൂമ്പാരം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് ഇവർ വാർഡ് അംഗം ടി.എം.മുജീബിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുറ്റക്കാരനെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അധികൃതർ പ്രതിയിലേക്ക് എത്തിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ പത്തൊൻപത് നിരീക്ഷണ ക്യാമറകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ഈ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്.

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ ബിന്നുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാലിന്യ ബിന്നുകൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളും പഞ്ചായത്തിന്റെ നിയമങ്ങളും പാലിക്കാത്തവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ മാലിന്യ വിമുക്തമായ ഒരു അന്തരീക്ഷം നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന ജാഗ്രത പുലർത്തുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
« Newer Post Older Post »
Link Copied! ✅