Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പുതിയ ട്രെയിൻ സർവീസ് അനുവദിപ്പിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; തിരുവനന്തപുരം നോർത്ത് - പളനി - പോടന്നൂർ സ്പെഷ്യൽ ട്രെയിൻ വരുന്നു

📅 June 03, 2026 | BY SUDHEER KABEER

 

പുനലൂർ-മധുര വഴി പോടന്നൂരിലേക്കുള്ള പുതിയ ട്രെയിൻ സർവീസ് യാഥാർത്ഥ്യമായെങ്കിലും കേരളത്തിലെ സ്റ്റോപ്പുകളുടെ കാര്യത്തിൽ റെയിൽവേ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് പളനിയിലേക്കും തമിഴ്നാട്ടിലെ വാണിജ്യ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നതിനായി നിരന്തരമായ ഇടപെടലുകൾക്ക് ശേഷമാണ് പുതിയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.


നേരത്തെ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭ്യതയിൽ ഉണ്ടായ പ്രതിസന്ധിയാണ് പുതിയൊരു ട്രെയിൻ എന്ന ആവശ്യത്തിലേക്ക് നയിച്ചത്. കോട്ടയത്ത് നിന്നോ കൊല്ലത്ത് നിന്നോ പുനലൂർ വഴി മധുര, പളനി, പോടന്നൂർ/കോയമ്പത്തൂർ ഭാഗങ്ങളിലേക്ക് ട്രെയിൻ വേണമെന്ന ആവശ്യം റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും മുന്നിൽ ഉന്നയിച്ചിരുന്നു. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് ആരംഭിക്കാനും, പോടന്നൂർ സ്റ്റേഷനിലേക്ക് സർവീസ് നടത്താനും തത്വത്തിൽ തീരുമാനമാവുകയായിരുന്നു.


ചരിത്രത്തിൽ ആദ്യമായാണ് പുനലൂർ-മധുര വഴി എൽഎച്ച്ബി (LHB) കോച്ചുകൾ ഉപയോഗിച്ച് ഇത്തരമൊരു സർവീസ് കേരളത്തിന് ലഭിക്കുന്നത്. എന്നാൽ, മലയാളികൾക്ക് പ്രയോജനകരമാകേണ്ട ഈ ട്രെയിനിന് കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ചെങ്കോട്ടയിൽ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിനുകൾ ലഭ്യമാണെന്നിരിക്കെ റെയിൽവേയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് എംപി കുറ്റപ്പെടുത്തി.


യാത്രക്കാരുടെ സൗകര്യാർത്ഥം ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അടിയന്തരമായി അനുവദിക്കണമെന്ന് റെയിൽവേ ബോർഡ് പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, സി.പി.ടി.എം എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നേരിട്ട് കത്ത് നൽകിയിട്ടുണ്ടെന്നും, പ്രഖ്യാപിച്ച രണ്ട് സർവീസുകൾക്ക് ശേഷം ട്രെയിൻ സർവീസ് സ്ഥിരമായി തുടരണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.


« Newer Post Older Post »
Link Copied! ✅