Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ട്രാൻസ്ഫർ ആവശ്യപ്പെട്ട ബന്ധുവായ പോലീസുകാരനോട് കർശന നിലപാട് സ്വീകരിച്ച് ബി.ആർ.എം ഷെഫീർ

📅 June 02, 2026 | BY SUDHEER KABEER

യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ ബന്ധുവായ പോലീസുകാരന്റെ സ്ഥലംമാറ്റ ആവശ്യം നിരസിച്ച സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം ഷെഫീർ നടത്തിയ പ്രസംഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താൻ സ്വീകരിച്ച നിലപാട് വ്യക്തിജീവിതത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായെങ്കിലും അതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് അനുകൂല സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ താൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും ബന്ധുവായ പോലീസുകാരൻ അതിന് തയ്യാറായിരുന്നില്ല. എന്നാൽ, സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. ഈ സാഹചര്യത്തെക്കുറിച്ച് ബി.ആർ.എം ഷെഫീർ വിവരിക്കുന്നത് ഇങ്ങനെയാണ്:

‘കഴിഞ്ഞ ദിവസം വീട്ടിലിരിക്കുമ്പോൾ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് ട്രാൻസ്ഫറിന് റിക്വസ്റ്റ് ചെയ്തു. കഴിഞ്ഞ പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ ഇദ്ദേഹത്തിന്‍റെ വോട്ട് നമുക്ക് തരാൻ പറയണമെന്ന് പറഞ്ഞിരുന്നു. ബന്ധുവെന്ന നിലയിൽ ഞാൻ നേരിട്ട് വിളിച്ചു, യുഡിഎഫിന്‍റെ ആളിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം വീടിന്‍റെ കോലായിൽ ഇരിക്കുമ്പോൾ മഴയത്ത് അയാൾ വന്നു. എനിക്ക് സ്ഥലം മാറ്റം വാങ്ങിത്തരണം എന്ന് പറഞ്ഞു. എനിക്ക് മനസില്ലെന്നും വേറെ ആളെ നോക്കാനും ഞാൻ പറഞ്ഞു’

ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കുടുംബത്തിനുള്ളിൽ ചെറിയ തോതിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. താൻ സംസാരിച്ചത് ഒരു സ്വകാര്യ ചടങ്ങിലാണെന്ന് കരുതിയെന്നും, അവിടെ മാധ്യമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും, ബന്ധുവായതുകൊണ്ട് മാത്രം ഉദ്യോഗസ്ഥർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകാൻ കഴിയില്ലെന്നുമുള്ള നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യേണ്ട പല ഉദ്യോഗസ്ഥരും കണ്ണൂരും കാസർകോടും സേവനമനുഷ്ഠിക്കുന്നുണ്ടെന്നും, അർഹരായവർക്ക് നീതി ലഭിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥർ പലരും തഴയപ്പെടുമ്പോൾ ബന്ധുക്കൾക്ക് വേണ്ടി മാത്രം സ്ഥലംമാറ്റം ശുപാർശ ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും, താൻ എപ്പോഴും നിലപാടുകൾക്ക് മുൻഗണന നൽകുന്ന വ്യക്തിയാണെന്നും ബി.ആർ.എം ഷെഫീർ വ്യക്തമാക്കി.

Uploaded Image
« Newer Post Older Post »
Link Copied! ✅