ബെംഗളൂരു ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിൽ പ്രവർത്തിക്കുന്ന ‘കായലോരം’ ഹോട്ടലിൽ ആട്ടിറച്ചിയെന്ന വ്യാജേന പോത്തിറച്ചി വിളമ്പിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ജീവനക്കാരായ രണ്ട് മലയാളികളെ അവലഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ഉപഭോക്താക്കൾ ഓർഡർ ചെയ്തത് മട്ടൺ വിഭവങ്ങളായിരുന്നു. എന്നാൽ വിളമ്പിയ ഭക്ഷണം ആട്ടിറച്ചിയല്ലെന്ന് സംശയം തോന്നിയ ഇവർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ ഹോട്ടലിൽ നൽകിയത് പോത്തിറച്ചിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകി. കേസിൽ ജിജു, ഷിമ്പു എന്നീ മലയാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഒന്നര വർഷം മുൻപാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.