Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പെരുവന്താനം കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ മോഷണം നടത്തിയ സംഘം പിടിയിൽ

📅 June 02, 2026 | BY SUDHEER KABEER

 

പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് (ലാലിച്ചൻ)ന്റെ വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് പൊൻമല കല്ലമ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും 75,000 രൂപയുമാണ് നഷ്ടപ്പെട്ടത്.


കാഞ്ഞിരപ്പള്ളി കൊടുവന്താനം കോട്ടേപ്പറമ്പിൽ അജിത്ത് അനിൽ (19), 17 വയസ്സുള്ള മറ്റ് രണ്ട് കൗമാരക്കാർ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. മോഷണത്തിന് ശേഷം ഇവർ മൂന്നാറിലേക്കും തമിഴ്നാട്ടിലെ കമ്പത്തേക്കും വിനോദയാത്ര പോയി മടങ്ങിയെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. പിടിയിലാകുന്നതിന് തലേദിവസം രാത്രി മുണ്ടക്കയം ഭാഗത്തെ പുരയിടത്തിലെ കിണറ്റിൽനിന്ന് പമ്പ്സെറ്റ് മോഷ്ടിക്കാൻ ഇവർ ശ്രമം നടത്തിയതായും പോലീസ് വ്യക്തമാക്കി.


കഴിഞ്ഞ 23-ാം തീയതി രാത്രിയായിരുന്നു മോഷണം നടന്നത്. ആനക്കല്ല് – പൊടിമറ്റം റോഡരികിലുള്ള വീട്ടുകാർ ഈ സമയം ബെംഗളൂരുവിലായിരുന്നു. വീട് അടച്ചിട്ട തക്കം നോക്കി മുഖംമൂടി ധരിച്ചെത്തിയ സംഘം, കാറിലെത്തി സിസിടിവി ക്യാമറകൾ തുണിയുപയോഗിച്ച് മറച്ച ശേഷമാണ് കൃത്യം നിർവഹിച്ചത്. ഒന്നാം പ്രതിയുടെ പേരിൽ നേരത്തെയും പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരു മോഷണക്കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.


എസ്എച്ച്ഒ സി.കെ.മനോജ്, എസ്ഐമാരായ ഗോകുൽ ഗോപൻ, എസ്.എസ്.ഷിജു, എം.പി.അനിൽകുമാർ എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


« Newer Post Older Post »
Link Copied! ✅