സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും വില വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പാലൊന്നിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ പാക്കറ്റുകൾ വിപണിയിൽ എത്തുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ കവറുകളിലാകും പാൽ വിതരണം ചെയ്യുക.
കർഷകരുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ വില വർധനവ് നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നെയ്യ് ഉൾപ്പെടെയുള്ള മറ്റ് പാൽ ഉൽപന്നങ്ങളുടെ വിലയും വർധിക്കാൻ സാധ്യതയുണ്ട്. ഇതിനകം പാചകവാതകത്തിനും പാൽ ഉൽപന്നങ്ങൾക്കും വില വർധിച്ചത് ഹോട്ടൽ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിക്കുന്നതിനും കാരണമായേക്കും.
പുതിയ വില പട്ടിക പ്രകാരം നിരക്കുകൾ താഴെ പറയുന്നതാണ്:
മഞ്ഞ കവർ പാൽ: 27 രൂപ
നീല കവർ പാൽ: 30 രൂപ
ഓറഞ്ച് കവർ പാൽ: 30 രൂപ
പച്ച കവർ പാൽ: 32 രൂപ
കൗ മിൽക് (ഒരു ലിറ്റർ ബോട്ടിൽ): 75 രൂപ
തൈര് ക്ലാസിക്: 40 രൂപ
തൈര് എലൈറ്റ്: 45 രൂപ