കണ്ണൂർ പിലാത്തറയിൽ രക്തക്കറ പുരണ്ട നിലയിൽ കണ്ടെത്തിയ കാർ മഹാരാഷ്ട്ര സ്വദേശികളായ സ്വർണ്ണ വ്യാപാരികളുടേതെന്ന് സ്ഥിരീകരണം. കാർ തങ്ങളുടേതാണെന്നും അക്രമിസംഘം തട്ടിക്കൊണ്ടുപോയതാണെന്നും വ്യക്തമാക്കി ഉടമകൾ പോലീസിനെ സമീപിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കുമാർ ജലിന്ദർ നിഗം, കാർ ഉടമ അശോക് യശ്വന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്ന് രാവിലെ ആറുമണിയോടെയാണ് പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ചില്ലുകൾ തകർത്ത നിലയിലായിരുന്നു. അകത്ത് രക്തക്കറയും വലിച്ചുവാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തിയതോടെ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തലശ്ശേരിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സംഭവത്തിൽ കുമാർ ജലിന്ദർ നിഗം നൽകിയ മൊഴി പ്രകാരം പുലർച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിൽ പയ്യന്നൂർ എടാട്ട് വെച്ചാണ് ആക്രമണം നടന്നത്. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം ദേശീയപാതയുടെ സർവീസ് റോഡിൽ വെച്ച് ഇവരുടെ വാഹനം തടയുകയായിരുന്നു.
മുൻസീറ്റിൽ കുഞ്ഞിനൊപ്പം ഇരുന്ന കുമാറിനെ പുറത്തിറക്കി മർദ്ദിക്കുകയും, ഡ്രൈവർ സച്ചിനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് കാറുമായി കടന്ന അക്രമികൾ പിൻസീറ്റിലുണ്ടായിരുന്ന കുമാറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും വഴിയിൽ ഇറക്കിവിട്ടു. ഇവർ പിന്നീട് ഓട്ടോറിക്ഷയിലും ബസ്സിലുമായി തലശ്ശേരിയിലെത്തി. കാർ തട്ടിയെടുത്ത സംഘം പിലാത്തറയിൽ എത്തി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമായി.
തങ്ങൾക്ക് 25 ഗ്രാം സ്വർണ്ണം മാത്രമാണ് നഷ്ടപ്പെട്ടതെന്ന് കുമാർ ജലിന്ദർ നിഗം മൊഴി നൽകിയെങ്കിലും, പോലീസ് ഇത് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. പെരിന്തൽമണ്ണയിൽ സ്വർണ്ണക്കച്ചവടം നടത്തുന്ന ഇവർക്ക് നേരെ നടന്നത് ആസൂത്രിതമായ നീക്കമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.