എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഏജൻസി രംഗത്ത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ സംഭവത്തിൽ ഉന്നതരായ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി ഡയറക്ടറേറ്റിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറി.
പ്രതികളുടെ വസതികളിൽ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തുന്നത് സംഭവത്തിൽ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിഎംആർഎൽ (CMRL) നൽകിയ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ തുടർനടപടികൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇഡിക്ക് ഈ കേസ് അന്വേഷിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
