Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

അധ്യാപികയുടെ വിയോഗം; പ്രവേശനോത്സവം ഒഴിവാക്കി വെൺപാലക്കര കണിച്ചേരി എൽപിഎസ്

📅 June 02, 2026 | BY SUDHEER KABEER

 

കൊല്ലം: പ്രിയപ്പെട്ട അധ്യാപികയുടെ അകാല വിയോഗത്തിൽ വിദ്യാലയം കണ്ണീരണിഞ്ഞു. തങ്ങൾക്കൊപ്പം ആഘോഷവേളയിൽ ഉണ്ടാകേണ്ടിയിരുന്ന പ്രിയപ്പെട്ട അധ്യാപികയുടെ വേർപാടിൽ വെൺപാലക്കര കണിച്ചേരി എൽപിഎസ് ഇത്തവണ പ്രവേശനോത്സവം ഒഴിവാക്കി. അർബുദ രോഗബാധിതയായി ചികിത്സയിലായിരുന്ന കണിച്ചേരി കുടുംബാംഗം കൂടിയായ അധ്യാപിക സീന മനു (52) ആണ് അന്തരിച്ചത്. വിദ്യാലയത്തിൽ പ്രവേശനോത്സവം നടക്കുന്നതിന്റെ തലേദിവസമായിരുന്നു അധ്യാപികയുടെ മരണം.


മൂന്നു പതിറ്റാണ്ടിലേറെയായി നെടുമൺകാവ്, കടയ്ക്കൽ, ഭരണിക്കാവ്, പട്ടത്താനം എന്നീ വിദ്യാലയങ്ങളിൽ അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സീന മനു. കുട്ടികളുടെ ഭാവിക്ക് ഉതകുന്ന നൂതന ആശയങ്ങളെ തന്റെ കലയുമായും സ്വപ്നങ്ങളുമായും കോർത്തിണക്കി വിദ്യാലയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഇവർ. ലോക്ഡൗൺ കാലത്ത് കുട്ടികൾക്കായി ‘ശേഷിപ്പ്’ എന്ന ഹ്രസ്വചിത്രം രചനയും സംവിധാനവും നിർവഹിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


കഥ, കവിത, ചിത്രരചന, പാചകം, മാജിക് തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിയിരുന്ന സീന, ആ വഴികൾ കുട്ടികൾക്കും പകർന്നുനൽകി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന വാട്സാപ്പ് കൂട്ടായ്മയായ ‘കിടുക്കാച്ചി ഗ്രൂപ്പ്’, ലോക്ഡൗൺ കാലത്ത് വിനോദവും വിജ്ഞാനവും നൽകിയ ‘വെർച്വൽ ക്യാംപ്’ എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ, ചുവർച്ചിത്ര പഠനം പൂർത്തിയാക്കി നാഷനൽ സ്‌കിൽ ഇന്ത്യ മിഷന്റെ സർട്ടിഫിക്കറ്റും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. ഇവർ നിർമിച്ച ‘മാക്രോം’ എന്ന കയർ നെറ്റിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.


പഴമയുടെ നന്മകൾ പുതുതലമുറയിലേക്ക് എത്തിക്കുന്ന ‘അമ്മയെഴുത്ത്’ എന്ന പരിപാടിക്ക് കണിച്ചേരിയിൽ തുടക്കം കുറിച്ചത് സീന മനുവിന്റെ നേതൃത്വത്തിലായിരുന്നു. മാഗസിൻ ഉൾപ്പെടെ തയാറാക്കിയ ഈ പരിപാടിക്ക് ‘എ ഗ്രേഡ്’ അംഗീകാരവും ലഭിച്ചു. ഞായറാഴ്ച ഭൗതികദേഹം സ്കൂൾ അങ്കണത്തിൽ എത്തിച്ചപ്പോൾ സഹ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് അന്ത്യാഞ്ജലി അർപ്പിച്ചു.


« Newer Post Older Post »
Link Copied! ✅