Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മെച്ചപ്പെട്ട വിളയും വിലയും ലഭിച്ചു; കരയിക്കാതെ ഉള്ളി

📅 June 03, 2026 | BY SUDHEER KABEER

 

പുൽപള്ളി അതിർത്തിയോട് ചേർന്നുള്ള കർണാടക ഗ്രാമങ്ങളിൽ ഉള്ളി വിളവെടുപ്പിന് തുടക്കമായി. അനുകൂലമായ കാലാവസ്ഥ ലഭിച്ചതോടെയാണ് ഇത്തവണ കർഷകർക്ക് നേരത്തെ വിളവെടുക്കാൻ സാധിച്ചത്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപായി വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമായെന്ന് കർഷകർ വ്യക്തമാക്കുന്നു.


നിലവിൽ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. ഇത്തവണ മികച്ച വിളവ് ലഭിച്ചതും കർഷകർക്ക് നേട്ടമായി. മഴ ശക്തമായാൽ വിളവെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും, വിള നശിക്കാൻ സാധ്യതയുണ്ടെന്നുമാണ് കർഷകരുടെ ആശങ്ക. പ്രധാനമായും കർണാടകയിലെ എച്ച്.ഡി.കോട്ട, നഞ്ചൻകോട്, ഗുണ്ടൽപെട്ട് എന്നീ താലൂക്കുകളിലാണ് ഉള്ളി കൃഷി വ്യാപകമായി നടക്കുന്നത്.


മൂന്നു മാസം കൊണ്ടാണ് ഉള്ളി വിളവെടുപ്പിന് പാകമാകുന്നത്. കൃഷിയിൽ ലാഭവും നഷ്ടവും ഒരുപോലെ സംഭവിക്കാറുണ്ടെങ്കിലും, കുറഞ്ഞ കാലയളവിൽ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഈ കൃഷിയിലേക്ക് തിരിയുന്നത്. ഉള്ളി വിളവെടുപ്പിന് ശേഷം ഈ പാടങ്ങളിൽ മഴ ലഭിക്കുന്നതോടെ മുത്താറി, പയർ വർഗങ്ങൾ, മറ്റ് ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നതാണ് ഇവിടുത്തെ പതിവ് രീതി. മൂന്നു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇത്തരത്തിലുള്ള ഹ്രസ്വകാല കൃഷികളോടാണ് ഗ്രാമീണ കർഷകർക്ക് ഏറെ താൽപ്പര്യം.


« Newer Post Older Post »
Link Copied! ✅