Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ദില്ലി സൈദുലജാബിൽ വാണിജ്യ കെട്ടിടം തകർന്നു: മരണം ആറായി, രണ്ട് എൻജിനീയർമാർക്ക് സസ്പെൻഷൻ

📅 June 01, 2026 | BY SUDHEER KABEER

 

ദില്ലിയിലെ സൈദുലജാബിൽ നാലുനില വാണിജ്യ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ആറായി ഉയർന്നു. അപകടത്തിൽ പരിക്കേറ്റ ഒൻപതുപേരിൽ ഏഴുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ടുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.


ശനിയാഴ്ച വൈകുന്നേരം സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള വെസ്റ്റേൺ മാർഗിലായിരുന്നു ദാരുണമായ സംഭവം. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൂർണമായും നിലംപതിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കവെയായിരുന്നു അപകടം. കെട്ടിടം തകർന്ന് വീണത് സമീപത്തുണ്ടായിരുന്ന താൽക്കാലിക കാന്റീനിന് മുകളിലേക്കായിരുന്നു. ഈ സമയം നിരവധിപ്പേർ ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.


വൈകുന്നേരം 7:38-ഓടെയാണ് മെഹ്റൗളി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ദില്ലി ഫയർ സർവീസസ്, എൻഡിആർഎഫ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. എയിംസ് ട്രോമ സെന്റർ, സഫ്ദർജങ് ആശുപത്രി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ആശുപത്രി എന്നിവിടങ്ങളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. രക്ഷാദൗത്യത്തിന് വേഗത കൂട്ടുന്നതിനായി പ്രത്യേക ഗ്രീൻ കോറിഡോർ സംവിധാനവും ഒരുക്കിയിരുന്നു.


സംഭവത്തിൽ മെഹ്റൗളി പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദില്ലി മുനിസിപ്പൽ കോർപറേഷനിലെ ബിൽഡിങ് വിഭാഗത്തിലെ ജൂനിയർ, അസിസ്റ്റന്റ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. അപകടസ്ഥലം സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.


« Newer Post Older Post »
Link Copied! ✅