മധ്യവേനൽ അവധിക്ക് വിരാമം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും സജീവമാകും. പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ വെച്ച് നടക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
വിദ്യാർത്ഥികൾക്കിടയിൽ സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിനായി കേരള പൊലീസ് സൈബർ ഡോം ആവിഷ്കരിച്ച ‘കിഡ് ഗ്ലൗ’ പദ്ധതിയുടെ ഭാഗമായി, പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞ നടക്കും. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി വരികയാണ്. ഇന്നലെ വൈകിട്ടോടെ 95 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതായും ബാക്കി കൂടി ഇന്ന് പൂർത്തിയാകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേസമയം, കേന്ദ്ര സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളിൽ ഭൂരിഭാഗവും ഈ ആഴ്ചയിലെ മറ്റു ദിവസങ്ങളിലാകും അധ്യയന വർഷത്തിന് തുടക്കം കുറിക്കുക.