Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു: സുരക്ഷാ വീഴ്ചയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു - Vazhcha Yugam

📅 June 06, 2026 | BY SUDHEER KABEER

 

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണ സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കും സുരക്ഷാ സംബന്ധമായ ഗുരുതരമായ ചോദ്യങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വലിയൊരു ദുരന്തത്തിന്റെ വക്കിൽ നിന്നാണ് പ്രദേശം അത്ഭുതകരമായി രക്ഷപ്പെട്ടത്. കെട്ടിടം തകർന്നു വീണത് തൊട്ടടുത്തുള്ള കരോട്ട് വീട്ടിലേക്ക് ഒരു അടി മാത്രം വ്യത്യാസത്തിലായതിനാൽ വൻ ആൾനാശം ഒഴിവായി. സംഭവസമയത്ത് കരോട്ട് വീട്ടിൽ 17 പേരുണ്ടായിരുന്നു. മന്ദിരം വീടിന്റെ സിറ്റൗട്ടിലേക്ക് വീണതിനെ തുടർന്ന് വീടിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും അവിടെയുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെയുണ്ടായ ഭയാനകമായ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സഹായിച്ചത്.

കഴിഞ്ഞ എട്ടു മാസമായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. സ്ഥലത്ത് വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചതിനു പിന്നാലെ പെയ്ത ശക്തമായ മഴയാണ് കെട്ടിടം തകരാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ചരിവുള്ള ഭൂമിയിൽ ഇത്രയും വലിയ കെട്ടിടം നിർമിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ ഗൗരവമായ പരിശോധനകൾ ആവശ്യമാണ്. കെട്ടിട നിർമാണത്തിനായി ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരവും അടിത്തറയുടെ ബലവും വരുംദിവസങ്ങളിൽ വിദഗ്ധ സംഘം പരിശോധിക്കും. പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർ നിർമാണസ്ഥലം കൃത്യമായി നിരീക്ഷിച്ചിരുന്നോ എന്നതും ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്.

ഏലപ്പാറ ഉൾപ്പെടെയുള്ള മേഖലകളിൽ വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിൽ വ്യാപകമായ ചട്ടലംഘനങ്ങൾ നടക്കുന്നതായാണ് ഉയരുന്ന പ്രധാന പരാതി. പഞ്ചായത്ത് തലത്തിൽ മൂന്നു നിലയുള്ള കെട്ടിടങ്ങൾക്ക് മാത്രമേ പെർമിറ്റ് നൽകാൻ അധികാരമുള്ളൂ. എന്നാൽ, ഈ നിയമത്തെ മറികടക്കാൻ മൂന്നു നിലകൾക്ക് പെർമിറ്റ് നേടിയ ശേഷം ആറും ഏഴും നിലകൾ വരെ അനധികൃതമായി പണിയുന്ന പ്രവണത വ്യാപകമാണ്. ആദ്യം മൂന്നു നിലകൾ നിർമിച്ച് കെട്ടിട നമ്പർ കൈക്കലാക്കുകയും, പിന്നീട് സെല്ലാറുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഉപയോഗയോഗ്യമാക്കി വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റുകയുമാണ് പതിവ്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് പുറംലോകം അറിയുന്നത്.

ഉന്നതതലങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് പലപ്പോഴും പരാതികളെ അട്ടിമറിക്കുന്ന സാഹചര്യവുമുണ്ട്. കെട്ടിട നിർമാണ മേഖലയിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇത്തരം നിർമാണങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും, സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കെട്ടിടം തകർന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിർമാണ മേഖലയിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
« Newer Post Older Post »
Link Copied! ✅