ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിനായി അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനമാണ് 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. ഈ പ്രകടനത്തിന് പിന്നാലെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ വെറും 29 പന്തുകളിൽ നിന്ന് 97 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്സിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് 47 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഈ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും മറികടക്കാൻ കഴിയാത്തതാണെന്ന് ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
ക്രിസ് ഗെയ്‌ലിനെയും വിവിയൻ റിച്ചാർഡ്സിനെയും പോലുള്ള ഇതിഹാസങ്ങളെക്കാൾ സ്ഫോടനാത്മകമായാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇനി ഇവന് എന്ത് പേരിടണം എന്നാണ് ആലോചിക്കേണ്ടത്. ‘യൂണിവേഴ്സ് ബോസ്’ എന്നോ ‘ക്രിക്കറ്റിലെ ദൈവം’ എന്നോ ഒക്കെ വിളിക്കണോ? ലോകം മുഴുവൻ അവനെ പ്രശംസിക്കുകയാണ്. ക്രിസ് ഗെയ്ൽ തന്‍റെ കരിയറിൽ ചെയ്തതിനേക്കാൾ വലിയ കാര്യങ്ങളാണ് ഈ കുട്ടി തന്‍റെ രണ്ടാം സീസണിൽ തന്നെ ചെയ്യുന്നത്. ഈ റെക്കോര്‍ഡുകളൊക്കെ ഭാവിയിൽ മറ്റൊരു താരത്തിന് തകർക്കുക എന്നത് അസാധ്യമാണ്. അവൻ വെറുതെ കണ്ണുംപൂട്ടി അടിക്കുകയല്ല, മറിച്ച് അതീവ ബുദ്ധിപൂർവ്വമാണ് ബാറ്റ് ചെയ്യുന്നത്. വിവ് റിച്ചാർഡ്സും കപിൽ ദേവും ബൗളിംഗ് നിരകളെ തകർത്തുതരിപ്പണമാക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. എന്നാൽ അവരേക്കാൾ സ്ഫോടനാത്മകമായാണ് വൈഭവ് കളിക്കുന്നത്. വിവിയൻ റിച്ചാർഡ്സിനോ കപിൽ ദേവിനോ പോലും ഇത്രയും സ്ഥിരതയോടെ ബൗളർമാരെ തല്ലിച്ചതയ്ക്കാൻ കഴിഞ്ഞിട്ടില്ല,” എന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
2016-ൽ വിരാട് കോലി നടത്തിയ അസാമാന്യ ബാറ്റിംഗ് പ്രകടനത്തിന് സമാനമായി 2026 സീസൺ പൂർണ്ണമായും വൈഭവ് സൂര്യവംശിയുടെ പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. നിലവിൽ 45.33 ശരാശരിയിലും 242.85 എന്ന സ്ട്രൈക്ക് റേറ്റിലും 680 റൺസ് അടിച്ചുകൂട്ടിയ വൈഭവ് ഓറഞ്ച് ക്യാപ്പ് അണിഞ്ഞുനിൽക്കുകയാണ്. എലിമിനേറ്ററിൽ 12 സിക്സറുകൾ പറത്തിയതോടെ ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡും താരം പഴങ്കഥയാക്കി.
നാളെ (മെയ് 29) ന്യൂ ചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ഈ മത്സരത്തിൽ ഗുജറാത്ത് പേസർ മുഹമ്മദ് സിറാജിനെ വൈഭവ് പ്രത്യേകം ലക്ഷ്യം വെക്കുമെന്ന് ശ്രീകാന്ത് വിലയിരുത്തുന്നു. കഴിഞ്ഞ മത്സരത്തിൽ സിറാജ് വൈഭവിനെ പുറത്താക്കിയ ശേഷം ദേഷ്യത്തോടെ പ്രതികരിച്ചത് താരത്തിന്റെ മനസ്സിലുണ്ടാകുമെന്നും, നാളെ അതിന് വലിയ തിരിച്ചടി ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെയാണ് വൈഭവ് കന്നി ഐപിഎൽ സെഞ്ച്വറി നേടിയത് എന്നതും ശ്രദ്ധേയമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിലേക്ക് യോഗ്യത നേടും. നേരത്തെ ആദ്യ ക്വാളിഫയർ വിജയിച്ച് ആർസിബി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.
