തിരുവില്വാമലയിലെ കയറംപാറയിലുള്ള ഷെഫ് മിൽസ് ആൻഡ് കമ്പനിയിൽ നിന്ന് വൻ തുക മോഷണം പോയതായി പരാതി. സ്ഥാപനത്തിലെ പൂജാമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 17 ലക്ഷം രൂപയാണ് ജീവനക്കാരൻ മോഷ്ടിച്ചതെന്ന് ഉടമകൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവം നടന്നത് തിങ്കൾ രാത്രിയിലാണ്. സ്ഥാപന ഉടമകൾ സ്ഥലത്തില്ലാത്ത തക്കം നോക്കി, തഞ്ചാവൂർ സ്വദേശിയായ സൂര്യ എന്ന ജീവനക്കാരൻ പണവുമായി കടന്നുകളയുകയായിരുന്നു. സ്ഥാപന ഉടമയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത്.
പ്രതി സഞ്ചരിച്ച സ്കൂട്ടർ പിന്നീട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി തിരുവില്വാമല പൊലീസ് അറിയിച്ചു.
