സ്കൂളുകളിൽ വിദ്യാർഥികൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പഠന ആവശ്യങ്ങൾക്കായി ഐടി ലാബുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ അധ്യാപകർ നേരിട്ട് നിരീക്ഷിക്കണം. ഇന്റർനെറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ, അധ്യാപകരുടെ നിരീക്ഷണ പരിധിയിൽ വരുന്ന രീതിയിലായിരിക്കണം കുട്ടികളുടെ ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത്. സ്കൂൾ ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് പാസ്‌വേഡ് സുരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്.
അധ്യാപകർ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്ന സന്ദർഭങ്ങളിൽ, വിദ്യാർഥികളുടെ സാന്നിധ്യത്തിൽ സെർച്ച് ചെയ്യുന്നത് ഒഴിവാക്കണമെന്നും, വിവരങ്ങൾ മുൻകൂട്ടി തയ്യാറാക്കി വരണമെന്നും നിർദേശമുണ്ട്. ഈ അധ്യയന വർഷം മുതൽ വർഷത്തിൽ രണ്ടു തവണ സ്കൂളുകളിൽ സൈബർ സേഫ്റ്റി ഓഡിറ്റ് നടത്തും. തെറ്റായ വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം തടയാൻ ബ്രൗസറുകളിൽ റെസ്ട്രിക്ട് മോഡ്, സേഫ് സേർച്ച്, സൂപ്പർവൈസ്ഡ് യൂസേഴ്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും അധ്യാപകർക്ക് ഇതുസംബന്ധിച്ച പരിശീലനം നൽകാനും തീരുമാനമായി.
സ്കൂൾ പ്രവൃത്തിസമയത്തിന് ശേഷം ലാബിലെ ഇന്റർനെറ്റ് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ സ്കൂൾ മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാണ്. ഉപയോഗശേഷം സിസ്റ്റം ലോഗ് ഔട്ട് ചെയ്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ക്ലാസ് മുറികളിലും ലാബുകളിലും പ്രദർശിപ്പിക്കും.
പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
* സൈബർ സുരക്ഷാ വിഷയങ്ങളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകും.
* ഇന്റർനെറ്റ് അധിഷ്ഠിത പഠന റഫറൻസുകൾ നൽകുന്നതിന് മുൻപ് അധ്യാപകർ വെബ്സൈറ്റുകളുടെ സുരക്ഷയും ഉള്ളടക്കവും പരിശോധിക്കണം.
* സ്കൂളിലെ ഇന്റർനെറ്റ് ഉപയോഗം ഔദ്യോഗികവും പഠനപരവുമായ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണം.
* ക്ലാസ് മുറികളിൽ ഇന്റർനെറ്റ് അധിഷ്ഠിത ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുമ്പോൾ അധ്യാപകർ കൃത്യമായ ആസൂത്രണം നടത്തുകയും, വിദ്യാർഥികൾ നിശ്ചിത വെബ്സൈറ്റുകളിൽ മാത്രം സന്ദർശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
