തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് സർവീസ് ആരംഭിച്ച് 15 വർഷം പിന്നിടുമ്പോഴും ട്രെയിൻ പ്രതിദിനമാക്കാനുള്ള നടപടികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസം മാത്രമാണ് ഈ ട്രെയിൻ ഓടുന്നത്. ആഴ്ചയിൽ രണ്ട് ദിവസം സർവീസ് ഇല്ലാത്തത് മലബാർ മേഖലയിലേക്കുള്ള യാത്രക്കാരെ വലിയ തോതിൽ ദുരിതത്തിലാക്കുന്നുണ്ട്.
ട്രെയിനുകളിൽ പുതിയ കോച്ചുകൾ ഏർപ്പെടുത്തിയതോടെ ജനശതാബ്ദിയും സാധാരണ ഇന്റർസിറ്റി എക്സ്പ്രസുകളും തമ്മിൽ സൗകര്യങ്ങളിൽ വലിയ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. ജനശതാബ്ദിയിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നത് മാത്രമാണ് പ്രധാന വ്യത്യാസമായി അവശേഷിക്കുന്നത്. മുൻകാലങ്ങളിൽ പ്രത്യേക നിറത്തിലുള്ള കോച്ചുകളും പുഷ്ബാക്ക് സീറ്റുകളുമായിരുന്നു ജനശതാബ്ദിയുടെ സവിശേഷത.
കോച്ചുകൾക്ക് കാര്യമായ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, മറ്റ് ഇന്റർസിറ്റി എക്സ്പ്രസുകളുമായി ജനശതാബ്ദിയുടെ റേക്ക് ലിങ്ക് ചെയ്താൽ ദിവസവും സർവീസ് നടത്താൻ സാധിക്കുമെന്ന നിർദ്ദേശം ഉയരുന്നുണ്ട്. കണ്ണൂരിൽ ട്രെയിൻ അർധരാത്രി എത്തി പുലർച്ചെ തിരിച്ചുപോകുന്നതിനാൽ അവിടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളോ സമയമോ ലഭ്യമല്ല. നിലവിൽ തലസ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് പകൽ സമയത്ത് ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്.
ജൂണിൽ പാലക്കാട് ടൗണിലെ അറ്റകുറ്റപ്പണി സൗകര്യം കമ്മിഷൻ ചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാലക്കാട്-തിരുവനന്തപുരം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം യാത്രക്കാർ ഉന്നയിക്കുന്നു. ഇത്തരമൊരു സർവീസ് നിലവിൽ വന്നാൽ ആ ട്രെയിനുമായി റേക്ക് ലിങ്ക് ചെയ്ത് ജനശതാബ്ദി എക്സ്പ്രസ് പ്രതിദിനമാക്കാൻ സാധിക്കുമെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
