Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

തെരുവുനായ ശല്യം: സുപ്രീംകോടതി വിധിയോടെ പ്രതീക്ഷയിൽ കോട്ടയം; നടപടിക്രമങ്ങൾക്കായി കാത്തിരിപ്പ്

📅 May 23, 2026 | BY SUDHEER KABEER

മനുഷ്യജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കിക്കാണുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ മുൻനിർത്തി ഈ വിധി ഏറെ ആശ്വാസം നൽകുന്നതാണെന്ന വിലയിരുത്തലിലാണ് പൊതുജനങ്ങൾ.

മുൻപ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായ തെരുവുനായ ആക്രമണങ്ങൾ പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ചേർന്ന കൗൺസിൽ യോഗം വടവാതൂരിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് 200 തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനായി ഷെൽറ്റർ ഹോം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

തെരുവുനായ ആക്രമണത്തിന്റെ ഭീകരത അനുഭവിച്ച വ്യക്തി കൂടിയാണ് പനച്ചിക്കാട് പഞ്ചായത്തംഗം റോയി മാത്യു. അദ്ദേഹത്തിന്റെ വാക്കുകൾ: “2024 ജൂൺ മാസം. 1,000 വിദ്യാർഥികളുള്ള കുഴിമറ്റം സദനം സ്കൂളിൽ തെരുവുനായ്ക്കൾ കൂട്ടമായെത്തിയതു കാരണം സ്കൂൾ തുറക്കാൻ പറ്റുന്നില്ല. അധ്യാപക പരിശീലനത്തിനെത്തിയ 2 അധ്യാപികമാർക്കും നാട്ടുകാരായ 2 പേർക്കും കടിയേറ്റു. അന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായിരുന്ന ഞാൻ നായപിടിത്തക്കാരെ വിളിച്ചുവരുത്തി. തെരുവുനായ്ക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ടതോടെ വലയുമായി അതിനെ പിടിയിലാക്കുവാനുള്ള ഓട്ടത്തിനിടയിൽ വീണു. വീഴ്ചയിൽ കൽക്കെട്ടിലിടിച്ച് മുഖത്തും താടിയിലും കാൽമുട്ടുകൾക്കും പരുക്കേറ്റു. അടിവയറ്റിലേറ്റ ക്ഷതത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഒരു ലക്ഷം രൂപയാണ് ചെലവായത്.”

വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. “സ്കൂൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ കുട്ടികൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കളെ സുപ്രീംകോടതി വിധി അനുസരിച്ച് നീക്കം ചെയ്യാനുള്ള നടപടി അധികൃതർ സ്വീകരിക്കണം. വഴിയിലൂടെ ഭയമില്ലാതെ നടക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. തെരുവുനായ പ്രശ്നത്തിന് സ്ഥിര പരിഹാരം വേണം,” എന്ന് മണർകാട് കാവുംപടി സ്വദേശി അമ്പിളി മണിക്കുട്ടൻ അഭിപ്രായപ്പെട്ടു.

മനുഷ്യജീവന്റെ സുരക്ഷയ്ക്കൊപ്പം തന്നെ മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കണമെന്ന പക്ഷമാണ് തിരുവഞ്ചൂർ സ്വദേശി അമൽ എ.കുമാർ പങ്കുവെക്കുന്നത്. അപകടകാരികളായ നായ്ക്കളെ നിയന്ത്രിക്കുകയും വാക്സിനേഷനും വന്ധ്യംകരണവും കർശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സുരക്ഷയും മാനുഷികതയും ഒത്തുപോകുന്ന ഭരണകൂട നടപടികളാണ് ആവശ്യം.

തെരുവുനായ്ക്കളുടെ വർധനയ്ക്ക് മാലിന്യ സംസ്കരണത്തിലെ അപാകതകളും കാരണമാണെന്ന് അരുവിത്തുറ സ്വദേശി ബിനോയി മാത്യു ചന്ദ്രൻകുന്നേൽ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ തുറക്കുന്ന സമയത്ത് സുപ്രീംകോടതി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Uploaded Image
« Newer Post Older Post »
Link Copied! ✅