ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

രാജ്യത്ത് ഇന്ധനലഭ്യത സുരക്ഷിതം; വിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

📅 May 13, 2026 | BY SUDHEER KABEER


രാജ്യത്ത് ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നിലവിൽ 69 ദിവസത്തേക്കുള്ള ക്രൂഡോയിലും 45 ദിവസത്തേക്കുള്ള എൽപിജിയും രാജ്യത്ത് കരുതലായുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എൽപിജി ഉൽപാദനം പ്രതിദിനം 35,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിക്കാൻ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ധനവിലയിലും ലഭ്യതയിലും സ്ഥിരത നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ക്രൂഡോയിൽ വിലയിൽ 50 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടും ചില്ലറ വിപണിയിലെ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപയുടെ വർധന ഏർപ്പെടുത്തിയെങ്കിലും ഇതിന്റെ വലിയൊരു ഭാഗം ജനങ്ങളിലേക്ക് കൈമാറാതെ സർക്കാർ പിടിച്ചുനിർത്തുകയായിരുന്നു.

നിലവിൽ പെട്രോളിന് ലീറ്ററിന് 14 രൂപയും ഡീസലിന് 42 രൂപയും എൽപിജിക്ക് 674 രൂപയുമാണ് എണ്ണക്കമ്പനികൾ നേരിടുന്ന നഷ്ടം. ഈ പാദത്തിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം കമ്പനികൾക്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം എണ്ണക്കമ്പനികളുടെ ലാഭം ഏകദേശം 76,000 കോടി രൂപയായിരുന്നുവെന്ന അനൗദ്യോഗിക കണക്കുകൾ നിലനിൽക്കുമ്പോൾ, ഇപ്പോൾ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾ സഹിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം ഉണ്ടായ ബാധ്യതകൾ നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വഹിക്കുകയാണെന്നും, എന്നാൽ ഈ അവസ്ഥ എത്രകാലം തുടരാൻ കഴിയുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞു. എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനം ലഭ്യമാണെന്നും എൽപിജി വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.



Labels: Business, India, Main
« Newer Post Older Post »
Link Copied! ✅