Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

മുഖത്തെ മാറ്റം രോഗം കാരണമല്ല; ആക്ഷേപങ്ങൾക്ക് മറുപടിയുമായി ആദിത്യൻ ജയൻ

📅 May 31, 2026 | BY SUDHEER KABEER

 

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ആദിത്യൻ ജയൻ. അടുത്തിടെ താൻ അവതാരകനായി എത്തിയ ഒരു പോഡ്കാസ്റ്റ് വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകൾക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ താരം രംഗത്തെത്തി. വീഡിയോയിൽ തന്റെ മുഖത്തിന് ഉണ്ടായ നിറവ്യത്യാസം കണ്ട്, താൻ കടുത്ത മദ്യപാനിയാണെന്നും കരൾ രോഗം ബാധിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഇതിന് മറുപടിയുമായി നടൻ തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.


“രണ്ടു ദിവസം മുന്നേ ഞാൻ ചെയ്ത ഒരു ഇന്റർവ്യൂ ടെലികാസ്റ് ചെയ്തിരുന്നു. സീരിയൽ നടി സ്നേഹ ആയിരുന്നു അതിഥി. ആ വീഡിയോയുടെ അടിയിൽ നിരവധി കമെന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവർ പോയി, പിന്നെ കുറെ ശാപവാക്കുകളും. ഇത് കണ്ടു കുറെ അധികം ആളുകൾ എന്നെ വിളിച്ചും msg അയച്ചും ചോദിച്ചു എന്തുപറ്റി എന്ന്. കാരണം ഞാൻ അങ്ങനെ മദ്യപിക്കില്ല എന്ന് എന്റെ സുഹൃത്തുക്കൾക്കു നന്നയി അറിയാം. മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം ok,” എന്ന് ആദിത്യൻ കുറിച്ചു.


തന്റെ മുഖത്തുണ്ടായ മാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം അലർജി ആണെന്ന് താരം വ്യക്തമാക്കുന്നു. “കുറെ കാലമായി എനിക്ക് എതിരെ പലതും വരും ഞാൻ ശ്രദ്ധിക്കാറില്ല. പറയുന്നവർ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്തു സംഭവിച്ചത് 2 കൊല്ലം മുന്നേ ഒരു മേക്കപ്പ് അലര്‍ജി ഉണ്ടായി. അത് എന്റെ ഒപ്പം വർക്ക്‌ ചെയ്തവർക്കു എല്ലാം അറിയാം. അത് ഒന്നു മാറി വരുമ്പോൾ 8 മാസം മുന്നേ എറണാകുളത്തു ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് എന്റെ മീശ താടി ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം എന്റെ മുഖത്തു ഒരു അലര്‍ജി വന്നു,” അദ്ദേഹം പറഞ്ഞു.


തുടർന്ന് നടത്തിയ ചികിത്സയെക്കുറിച്ചും താരം വിശദീകരിച്ചു. ഷിപ്യാർഡിലെ ഡോക്ടർ സോണി വർക്കിയുടെ ചികിത്സയിലൂടെ തനിക്ക് ഭേദമുണ്ടായെന്നും, എന്നാൽ പിന്നീട് വെയിൽ കൊണ്ടതും സൈനസ് ഇൻഫെക്ഷനും കാരണം മുഖത്ത് വീക്കം ഉണ്ടാവുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


വ്യക്തിജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്കും ആദിത്യൻ മറുപടി നൽകി. “എന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാൻ ഒപ്പം ഉള്ളപ്പോ രണ്ടു കുട്ടികളെയും അതായതു എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നയി നോക്കിയ ഒരാളാണ്. ഇന്ന് ഞാൻ മാറി നിൽക്കുമ്പോഴും ഞാൻ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിനെ വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ്. ആർക്കെങ്കിലും അറിയണമെങ്കിൽ ചവറ കോടതിയിൽ ചെന്നാൽ അറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിൽ സീരിയൽ രംഗത്ത് സജീവമാണെന്നും ഷിജു അരൂർ സംവിധാനം ചെയ്യുന്ന ‘സിത്താര’ എന്ന പരമ്പരയിൽ പ്രധാന വേഷം ചെയ്യുന്നുണ്ടെന്നും താരം അറിയിച്ചു. അനാവശ്യമായ ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താൻ ജോലി ചെയ്ത് ജീവിക്കട്ടെ എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


« Newer Post Older Post »
Link Copied! ✅