
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് രംഗത്തെത്തി. നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണമെന്നും, പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കിയത് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ് മൂന്നിന് നടന്ന പരീക്ഷയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 1.4 ലക്ഷം പേരുൾപ്പെടെ രാജ്യത്താകെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ചോദ്യപേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
2024-ലും സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടും വീഴ്ചകൾ ആവർത്തിക്കുന്നതും പരീക്ഷാ സംവിധാനത്തിന്‍റെ സമ്പൂർണ്ണ പരാജയമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയതലത്തിലുള്ള പരീക്ഷാ നടത്തിപ്പിലെ ഘടനാപരമായ പിഴവുകൾക്കുള്ള തെളിവാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും നീറ്റ് പരീക്ഷാ രീതി കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഡോക്ടറാകാനുള്ള മോഹങ്ങൾക്ക് നീറ്റ് തടസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീറ്റിനെതിരായ തമിഴ്‌നാടിന്‍റെ ദീർഘകാല പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Labels: Health, India, Main, Politics