Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

കേരളത്തിൽ ശക്തമായ മഴ തുടരുന്നു: കാലവർഷ മുന്നൊരുക്കങ്ങൾ ശക്തമാക്കി സർക്കാർ

📅 May 31, 2026 | BY SUDHEER KABEER

ജൂൺ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അടുത്ത നാല് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പ്രവേശിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അലർട്ട്. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മോശം കാലാവസ്ഥ കണക്കിലെടുത്ത് ജൂൺ 3 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

മഴക്കാല മുന്നൊരുക്കങ്ങൾ

കാലവർഷക്കെടുതികൾ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പ്രത്യേക കർമപദ്ധതി തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. മലപ്പുറം കൂരിയാട്, കൊല്ലം മൈലക്കാട് എന്നിവിടങ്ങളിൽ മുൻപ് ഉണ്ടായ അപകടങ്ങൾ യോഗം ഗൗരവമായി ചർച്ച ചെയ്തു.

റോഡുകളിലെ കുഴികൾ അടയ്ക്കാനും അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ സുരക്ഷ, അവശ്യ മരുന്നുകളുടെ ലഭ്യത, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡാമുകളിലെ ജലനിരപ്പ് റൂൾ കർവിനു മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ജല കമ്മിഷനുമായും ഡാം സുരക്ഷാ അതോറിറ്റിയുമായും നിരന്തര ബന്ധം പുലർത്താനും കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കാനും സർക്കാർ നിർദ്ദേശം നൽകി.

Uploaded Image
« Newer Post Older Post »
Link Copied! ✅