കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയാൻ സാധ്യതയെന്ന് ദേശീയ തലത്തിൽ റിപ്പോർട്ടുകൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം രാജിയിലേക്ക് നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ ഡി.കെ. ശിവകുമാറിനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം രാജ്യസഭയിലേക്ക് അയക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസ് നേതൃത്വത്തിൽ സജീവമാണ്. ഇതിനായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ഇന്നലെ ദില്ലിയിൽ വെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന നിലപാടാണ് ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേതാക്കൾ ഒത്തുചേർന്നതെന്നും, പുറത്തുവരുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
എങ്കിലും, വെള്ളിയാഴ്ചയോടെ സിദ്ധരാമയ്യ തന്റെ നിലപാട് വ്യക്തമാക്കുമെന്നും, തുടർന്ന് നിയമസഭാ കക്ഷി യോഗം ചേരുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിവരം.
