Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ഇറാൻ ഡീലിൽ ട്രംപിന് 'അതൃപ്തി', യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി? 20 ശതമാനം ഇടിഞ്ഞ് ക്രൂഡോയിൽ, നിർണായകം ആർബിഐ യോഗം, 'മഴക്കുറവിൽ ആശങ്ക'

📅 June 03, 2026 | BY SUDHEER KABEER

 

അന്താരാഷ്ട്ര തലത്തിൽ നിർണായകമായ യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറങ്ങിപ്പോയതായി റിപ്പോർട്ട്. ഇറാനുമായി ധാരണയിലെത്തിയ പല വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്നും കരാറിലെത്താൻ തനിക്ക് ധൃതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ ഹോർമുസ് തുറക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനിശ്ചിതത്വം ഉടലെടുത്തു. ഇതിനിടയിൽ, നാവിക ഉപരോധം ലംഘിച്ചെത്തിയ ഒരു വാണിജ്യ കപ്പലിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതിനെത്തുടർന്ന് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.


ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ വാരത്തിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത് യുഎസ്-ഇറാൻ ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളാണ്. പണപ്പെരുപ്പ നിരക്കുകൾ, യുഎസ് ഫെഡറൽ റിസർവിന്റെ പണനയ തീരുമാനങ്ങൾ, കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ എന്നിവ വിപണിയെ കാര്യമായി സ്വാധീനിച്ചേക്കാം. പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് നിക്ഷേപകരുടെ പൊതുവായ പ്രതീക്ഷയെങ്കിലും, പണപ്പെരുപ്പ സൂചികകളിൽ വർദ്ധനയുണ്ടായാൽ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പിന്മാറി ട്രഷറി ബോണ്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


ഇന്ത്യൻ വിപണിയുടെ സ്ഥിതി

കഴിഞ്ഞ വാരം നഷ്ടത്തോടെയാണ് ഇന്ത്യൻ വിപണി അവസാനിച്ചത്. സെൻസെക്സ് 0.84 ശതമാനവും നിഫ്റ്റി 0.72 ശതമാനവും ഇടിഞ്ഞു. അവസാന വ്യാപാര ദിവസമായ വെള്ളിയാഴ്ച സെൻസെക്സ് 74,775.74 എന്ന നിലയിലും നിഫ്റ്റി 23,547.75 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂൺ ഒന്ന് തിങ്കളാഴ്ച വിപണിയിൽ വലിയ ചലനങ്ങളില്ലാതെ വ്യാപാരം തുടങ്ങാനാണ് സാധ്യതയെന്ന് സൂചനകളുണ്ട്.


ആർബിഐ പണനയ യോഗം ജൂൺ മൂന്ന് മുതൽ അഞ്ച് വരെ നടക്കും. തുടർന്ന് ഗവർണർ സഞ്ജയ് മൽഹോത്ര വെള്ളിയാഴ്ച പണനയ തീരുമാനം പ്രഖ്യാപിക്കും. രാജ്യത്തെ മഴയുടെ കുറവ്, ഭക്ഷ്യവിലക്കയറ്റം, എണ്ണവിലയിലെ മാറ്റങ്ങൾ എന്നിവ ഓട്ടോമൊബൈൽ, എഫ്എംസിജി, അഗ്രികൾച്ചർ, ബാങ്കിങ് തുടങ്ങിയ മേഖലകളെ ബാധിക്കുമോ എന്ന ആശങ്കയും നിക്ഷേപകർക്കിടയിലുണ്ട്. ഗ്രാമീണ മേഖലയിലെ ഉപഭോഗം കുറയുന്നത് കമ്പനികളുടെ ലാഭക്ഷമതയെ ബാധിച്ചേക്കാം.


ആഗോള വിപണി

അതേസമയം, ടെക് ഓഹരികളുടെ കരുത്തിൽ യുഎസ് വിപണി റെക്കോർഡ് നേട്ടത്തിലാണ്. എന്നാൽ ക്രൂഡോയിൽ വിപണിയിൽ വലിയ ഇടിവാണ് ദൃശ്യമാകുന്നത്. സമാധാന പ്രതീക്ഷകളെ തുടർന്ന് 2026-ലെ റെക്കോർഡ് വിലയിൽ നിന്ന് 20 ശതമാനത്തോളം ഇടിവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. മേയ് 29-ലെ കണക്കുപ്രകാരം ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 87.2 ഡോളറായും ബ്രെന്റ് ക്രൂഡ് 91.2 ഡോളറായും കുറഞ്ഞു.


നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്‌റ്റോകറൻസി, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമല്ല. വിപണിയിലെ നിക്ഷേപങ്ങൾ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുക.


« Newer Post Older Post »
Link Copied! ✅