സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ ആരാധക ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പതിവാകുമ്പോൾ, പലപ്പോഴും താരങ്ങൾക്ക് തന്നെ പ്രതിസന്ധിയാകുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും ഉയരാറുണ്ട്. അടുത്തിടെ നടൻ ആന്റണി വർഗീസ് നായകനായ പുതിയ ചിത്രം കാട്ടാളൻ തീയറ്ററുകളിൽ എത്തിയ സമയത്ത്, അദ്ദേഹത്തിന്റെ ആരാധകരുടേതെന്ന പേരിൽ പ്രചരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മോഹൻലാൽ നായകനായ ദൃശ്യം 3 എന്ന ചിത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു ആ പോസ്റ്റ്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് താരം രംഗത്തെത്തി.
വൺ 2 ടോക്ക്സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആന്റണി വർഗീസ് ഇക്കാര്യം വിശദീകരിച്ചത്. വ്യാജ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തനിക്കുണ്ടായ മനോവിഷമത്തെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.
ആന്റണി വർഗീസിന്റെ വാക്കുകൾ ഇങ്ങനെ:
“അത് കണ്ടപ്പോൾ ആദ്യം എനിക്ക് ഭയങ്കര വിഷമമായി. പിന്നെ ദേഷ്യവും വന്നു. കാരണം നമ്മൾ ഏറ്റവും കൂടുതൽ റെസ്പെക്റ്റ് ചെയ്യുന്ന, ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ പടങ്ങൾ കണ്ട് നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരാളെക്കുറിച്ച് എന്റെ ചിത്രം വെച്ചിട്ട് ഒരു ഫേക്ക് പേജിലാണ് അത് വന്നത്. ലാലേട്ടനെപ്പറ്റി മോശമായി പറയുന്നത്. ദൃശ്യം 3 നെപ്പറ്റിയാണ് മോശമായി പറഞ്ഞിരിക്കുന്നത്. വിവരമുള്ള ആരെങ്കിലും ഇത് ചെയ്യുമോ? നമ്മുടെ ഫാൻസ് ക്ലബ്ബ് ഇത് ചെയ്തു എന്നാണ് പറയുന്നത്. അങ്ങനെ ശരിക്ക് വല്ലതും അവന്മാര് ചെയ്തുകഴിഞ്ഞാൽ എല്ലാത്തിന്റെയും കാല് ഞാൻ തല്ലിയൊടിക്കും. ഒരിക്കലും ചെയ്യില്ല. ഇവിടെയുള്ള ആരും ചെയ്യില്ല. ലാലേട്ടൻ ഫാൻസിലെ ആളുകളുമായി ഞങ്ങൾ സംസാരിച്ചിരുന്നു. ഇതിന്റെ യാഥാർഥ്യം അവർക്ക് മനസിലായി. അവർ ചെക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഇങ്ങനെയൊരു പേജേ ഇല്ല. ഇത് മനപൂർവം ആരോ ചെയ്യുന്നതാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഭയങ്കര മോശമല്ലേ? ഞാൻ ലാലേട്ടനെപ്പറ്റി അങ്ങനെ പറഞ്ഞു എന്ന രീതിയിലാണ് പുറത്തേക്ക് ന്യൂസ് വരിക”.
തന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന വ്യാജ അക്കൗണ്ടുകൾ ബോധപൂർവം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയാണ് നടൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.