Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ഗുരുവായൂർ ക്ഷേത്രം ഹൈടെക് ആകുന്നു; വഴിപാടു കൗണ്ടറുകളിൽ ഗുഗിൾപേ സംവിധാനം ഉടൻ, വെർച്വൽ ക്യൂ പിന്നാലെ

📅 June 03, 2026 | BY SUDHEER KABEER

 

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ക്യൂ അഥവാ വെർച്വൽ ക്യൂ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഹൈക്കോടതിയുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ മാധ്യമങ്ങളോട് വ്യക്തമാക്കി.


എങ്കിലും, ഓൺലൈൻ ബുക്കിങ് എന്നുമുതൽ ആരംഭിക്കുമെന്നോ പ്രതിദിനം എത്ര ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കുമെന്നോ ഉള്ള കാര്യത്തിൽ നിലവിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചകൾ ഭരണസമിതിയുടെ പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.


ക്ഷേത്രത്തിലെ മറ്റ് വികസന പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ഫെയ്സ് ആപ്’ സംവിധാനത്തിനായി താൽപര്യപത്രം ക്ഷണിച്ചതായും ക്യൂ കോംപ്ലക്സ് മാസ്റ്റർ പ്ലാൻ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും അധികൃതർ കൂട്ടിച്ചേർത്തു.


മൾട്ടി സ്പെഷൽറ്റി ആശുപത്രി നിർമ്മാണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയ ഭരണസമിതി, ഇതിനായുള്ള സർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. രണ്ട് വർഷം മുൻപ് ദേവസ്വം മന്ത്രി തറക്കല്ലിട്ട ഈ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡിപിആർ) ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. അംബാനി ഗ്രൂപ്പ് ആശുപത്രി നിർമ്മാണത്തിനായി 15 കോടി രൂപ കൈമാറിയിട്ട് നിലവിൽ മൂന്ന് മാസം പിന്നിടുകയാണ്.


ഭക്തരുടെ സൗകര്യാർത്ഥം ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളിൽ ‘ഗൂഗിൾ പേ’ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സജ്ജമാകും. കൂടാതെ, ക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരുമായി അടുത്ത 10 ദിവസത്തിനുള്ളിൽ ചർച്ച നടത്തി പ്രശ്നപരിഹാരം കാണുമെന്നും അധികൃതർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, എം.യു.ഷിനിജ എന്നിവരും സന്നിഹിതരായിരുന്നു.


« Newer Post Older Post »
Link Copied! ✅