റാന്നിയിലെ പുതിയ ആർച്ച് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പദ്ധതിയുടെ നടത്തിപ്പിനെ ചൊല്ലിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, കിഫ്ബി ഫണ്ടിംഗുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ നിർമാണത്തെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പമ്പാനദിയിലെ പെരുമ്പുഴ, അങ്ങാടി ഉപാസന എന്നീ പഴയകാല ബോട്ടുജെട്ടി കടവുകളെ ബന്ധിപ്പിച്ചുകൊണ്ട് എട്ടു വർഷം മുൻപാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ, ദീർഘകാലമായി പണി പൂർത്തിയാകാതെ തുടരുകയാണ്.
അഞ്ച് വർഷം മുൻപ് നിർത്തിവെച്ച നിർമാണം തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് വീണ്ടും കരാറായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കരാർ ഒപ്പിട്ട് നിർമാണം ആരംഭിച്ചെങ്കിലും ആവശ്യമായ തൊഴിലാളികളെയും നിർമാണ സാമഗ്രികളെയും എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ഇതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു.
പാലത്തിന്റെയും രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി ബൈപാസിന്റെയും നിർമാണത്തിനായി ഭൂമി ഏറ്റെടുത്ത് നൽകുന്നതിൽ കാലതാമസം നേരിട്ടതോടെ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. പെരുമ്പുഴ കരയിൽ മൂന്ന് തൂണുകളുടെ പണി പൂർത്തിയാക്കി എട്ട് ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റിലും പേട്ട കരയിലുമായി നാല് തൂണുകളുടെ നിർമാണം പൂർത്തിയായി. നദിയുടെ മധ്യഭാഗത്തുള്ള തൂണിന്റെ പണി ഭാഗികമായി മാത്രമാണ് നടന്നിട്ടുള്ളത്. പേട്ട കരയിൽ രണ്ട് തൂണുകൾ കൂടി നിർമിക്കാനുണ്ട്. 31.79 കോടി രൂപയ്ക്കാണ് ശേഷിക്കുന്ന പണികൾക്കായി കരാർ നൽകിയിരിക്കുന്നത്.
തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനായിരുന്നു ചുമതലയെങ്കിലും പിന്നീട് അത് കേരള റോഡ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) കൈമാറി. പത്ത് മീറ്റർ വീതിയിൽ രണ്ട് കിലോമീറ്റർ നീളത്തിലാണ് ബൈപാസ് നിർമിക്കുന്നത്. ഇതിനായി 155 ഉടമകളുടെ ഭൂമി ഏറ്റെടുത്തു. 32 ഉടമകളുടെ ഭൂമി തരം മാറ്റുന്നതിന് കൃഷി വകുപ്പ് ഉൾപ്പെടെയുള്ളവർ ഇടപെട്ടു. റവന്യൂ നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 14.43 കോടി രൂപ ചെലവഴിച്ചിരുന്നു. പിന്നീട് എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ തുക തികയാതെ വരികയും, അധിക തുക മന്ത്രിസഭ അംഗീകരിച്ച ശേഷം നിർമാണം പുനരാരംഭിക്കുകയുമായിരുന്നു.
പാലവും സമീപന റോഡും പൂർത്തിയായാൽ പുനലൂർ–മുവാറ്റുപുഴ പാതയിൽ ബ്ലോക്കുപടിക്കും പൊന്തൻപുഴയ്ക്കും ഇടയിൽ പുതിയൊരു യാത്രാമാർഗം തുറക്കും. ഇതോടെ പെരുമ്പുഴ, ഇട്ടിയപ്പാറ ടൗണുകളിൽ തിരക്കില്ലാതെ മണിമല, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. പേട്ട–പൊന്തൻപുഴ റോഡിന്റെ നവീകരണം അവസാന ഘട്ടത്തിലാണ്.