തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അഷ്കറിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കുഞ്ഞിന്റെ കാലിൽ കാണപ്പെട്ട സിഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകൾ ചൂടുവെള്ളം വീണതുകൊണ്ടുണ്ടായതാണെന്നായിരുന്നു അഷ്കർ നാട്ടുകാരോട് നുണ പറഞ്ഞത്.
ഈ സംഭവത്തിൽ അഷ്കർ മാത്രമല്ലാത്ത, കുഞ്ഞിന്റെ അമ്മയും അഷ്കറിന്റെ അമ്മയും പ്രതികളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും വിവരമുണ്ട്. അബോധാവസ്ഥയിലായ കുട്ടിക്ക് അഷ്കർ ചോറ് വാരി കൊടുക്കുന്നത് ബന്ധുക്കൾ കണ്ടിരുന്നു. എന്നാൽ, ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. മരിച്ച നിലയിലുള്ള കുട്ടിക്കാണ് അഷ്കർ ചോറ് വാരി നൽകിയതെന്ന് ഇവർ പറയുന്നു. ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം നാടകങ്ങൾ അരങ്ങേറിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അഷ്കർ സ്ഥിരമായി അക്രമങ്ങൾ നടത്തുന്ന ആളാണെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.